Connect with us

Covid19

കൊവിഡ് വാക്‌സിൻ അടുത്ത വർഷം ആദ്യത്തോടെ: കേന്ദ്ര ആരോഗ്യമന്ത്രി

Published

|

Last Updated

ന്യൂഡൽഹി| കൊറോണവൈറസിനെതിരെയുള്ള വാക്‌സിൻ അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കൊവിഡ് 19 സ്ഥിതി വ്യക്തിപരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിൻ വികസിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയും തീവ്രശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം ഒരു വിദഗ്ധസംഘം ഇതിനായുള്ള പരീക്ഷണത്തിലാണ്. അടുത്ത വർഷം ആരംഭത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ചിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ 14 ലക്ഷത്തിനും 29 ലക്ഷത്തിനും ഇടയിൽ കേസുകൾ ഒഴിവാക്കാനായെന്ന മുൻ പ്രസ്താവനയെ കുറിച്ച് കോൺഗ്രസ് എം പി ആനന്ദ്ശർമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കൊറോണവൈറസ് പൊട്ടിപുറപ്പെട്ട ആദ്യ ദിനങ്ങളിൽ തന്നെ രാജ്യവ്യാപകമായി അടച്ചിട്ടതിനാൽ വലിയൊരു പ്രതിസന്ധി ഒഴിവാക്കാനായെന്ന് പാർലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം 97,894 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആകെ കേസുകൾ 51 ലക്ഷം കടന്നു. ആഗോളതലത്തിൽ 66 ലക്ഷം രോഗികളുമായി ഒന്നാംസ്ഥാനത്തുള്ള അമേരിക്കക്ക് തൊട്ടുപുറകിലാണ് ഇന്ത്യയുടെ സ്ഥാനം. ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 10 ലക്ഷം കടന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളിൽ 1,132 മരണങ്ങളാണ് രേഖപ്പെടുത്തിയത്.ആകെ മരണസംഖ്യ 83,198 ആണ്.