കണ്ണൂരില്‍ സമര സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ്

Posted on: September 17, 2020 3:34 pm | Last updated: September 17, 2020 at 3:34 pm

കണ്ണൂര്‍ | കണ്ണൂരില്‍ സമര സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ്. ടൗണ്‍ സ്റ്റേഷനിലെ മയ്യില്‍ സ്വദേശിയായ പോലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായ സ്റ്റേഷനിലെ പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. സ്റ്റേഷന്‍ അണുവിമുക്തമാക്കി.

സംസ്ഥാനത്താകമാനം സമരങ്ങള്‍ അഴിച്ചുവിടുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തു വന്നിരുന്നു. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങളിലെ ആള്‍ക്കൂട്ടം രോഗവ്യാപനമുണ്ടാകാന്‍ ഇടയാക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് സമരങ്ങള്‍ നടത്തുന്നവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹമായ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.