പ്രതിയാക്കാത്തിടത്തോളം മന്ത്രി കെ ടി ജലീല്‍ രാജിവെക്കേണ്ടതില്ല: മന്ത്രി എ കെ ബാലന്‍

Posted on: September 17, 2020 12:29 pm | Last updated: September 17, 2020 at 6:41 pm

കൊല്ലം | അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലന്‍. ജലീലിനെ പ്രതിയാക്കാത്തിടത്തോളം അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ വിളിച്ചു, അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചോദിച്ചു. അദ്ദേഹം മറുപടിയും പറഞ്ഞു. ആ പ്രശ്നം കഴിഞ്ഞു. ഇപ്പോള്‍ ദേശീയാന്വേഷണ ഏജന്‍സി വിളിപ്പിച്ചതും ഒരു നടപടിയുടെ ഭാഗമാണ്. അത് മുന്‍പത്തേതുപോലെതന്നെ അവസാനിക്കും.

ചോദ്യംചെയ്യലും സംശയങ്ങള്‍ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ കടമയാണ്. ചോദ്യംചെയ്യലിന്റെയും അഭിപ്രായം തേടുന്നതിന്റെയും ഭാഗമായി അദ്ദേഹത്തെ പ്രതിയാക്കുന്നുണ്ടെങ്കില്‍ മാത്രമാണ് മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുക. സാധാരണനിലയില്‍ ഏതന്വേഷണത്തിനു മുന്നിലും എല്ലാവരും ഹാജരാകാന്‍ നിര്‍ബന്ധിതരാകും.

ഒരു കേസുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ചോദിക്കുമ്പോള്‍ രാജിവെക്കാനാണെങ്കില്‍ എല്ലാവരും രാജിവെക്കേണ്ടിവരും. പ്രതിയായാല്‍ പോലും കോടതി വിധിക്കുന്നതുവരെ അദ്ദേഹം കുറ്റക്കാരനാകുന്നില്ല. എന്നാല്‍ അന്വേഷണത്തിനു ശേഷം പ്രതിയായാല്‍ മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്ക് ഒരു പ്രസക്തിയുള്ളൂ- മന്ത്രി ബാലന്‍ പറഞ്ഞു.