Connect with us

Editorial

പ്രശാന്ത് ഭൂഷണിന്റെ വെളിപ്പെടുത്തല്‍

Published

|

Last Updated

സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. “ഞാന്‍ ഇന്നും പശ്ചാതപിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം ഉയര്‍ത്തിക്കൊണ്ടു വന്നത് ആര്‍ എസ് എസും ബി ജെ പിയും അവരുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനായിരുന്നുവെന്ന കാര്യം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം (അഴിമതിയായിരുന്നില്ല). അരവിന്ദ് കെജ്‌രിവാളിന്റെ സ്വഭാവം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അത് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഞാന്‍ വളരെയധികം ഇഷ്ടത്തോടെ നോക്കിക്കണ്ടിരുന്നയാളായിരുന്നു. എന്നാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രകൃതം. അത് മനസ്സിലാക്കി വന്നപ്പോഴേക്കും വളരെയധികം വൈകിപ്പോയെന്നും പ്രശാന്ത് ഭൂഷന്‍ പറയുന്നു. സമരത്തിലെ ആര്‍ എസ് എസിന്റെ ഇടപെടല്‍ അണ്ണാ ഹസാരെക്ക് അറിയില്ലായിരുന്നുവെന്നും എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന് അത് കൃത്യമായി അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

2014ല്‍ അന്നത്തെ യു പി എ സര്‍ക്കാറിനെതിരെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയും അണ്ണാ ഹസാരെ നടത്തിയ സമരത്തിനു പിന്നില്‍ ആര്‍ എസ് എസും ബി ജെ പിയുമായിരുന്നുവെന്ന ആരോപണം പുതിയതല്ല. ലോക്പാല്‍ ബില്‍ പഴുതുകളടച്ച് പാസ്സാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ ഈ സമരം സ്‌പോണ്‍സര്‍ ചെയ്തത് ബി ജെ പിയാണെന്നത് അന്ന് തന്നെ ഉയര്‍ന്നുകേട്ട ആരോപണമായിരുന്നു. വിവേകാനന്ദ ഫൗണ്ടേഷന്റെ കീഴില്‍ ബാബാ രാംദേവിന്റെ അധ്യക്ഷതയില്‍ അഴിമതി വിരുദ്ധ മുന്നണി രൂപവത്കരിച്ച് അതിന്റെ ബാനറിലാണ് സമരം നടന്നത്. 1970കളില്‍ അന്നത്തെ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഏക്‌നാഥ റാനഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ കീഴില്‍ വരുന്നതാണ് വിവേകാനന്ദ ഫൗണ്ടേഷന്‍. അണ്ണാ ഹസാരെ സമരത്തില്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും സജീവ പങ്കാളിത്തമുണ്ടായിരുന്നതായി ആര്‍ ബാലശങ്കറിനെ പോലെയുള്ള ബി ജെ പി നേതാക്കള്‍ തുറന്നു സമ്മതിച്ചതുമാണ്. സമരത്തിന്റെ തുടക്കത്തില്‍ പല സ്ഥലത്തും കെജ്‌രിവാള്‍ ആര്‍ എസ് എസ് നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും വിശിഷ്യാ ഗോവിന്ദാചാര്യയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ബാലശങ്കര്‍ വ്യക്തമാക്കുന്നു. 2019 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ റാലെഗാന്‍ സിദ്ധി ഗ്രാമത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അണ്ണാ ഹസാരെ നടത്തിയ കുറ്റസമ്മതവും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ബി ജെ പിയും ആം ആദ്മിയും തന്റെ സമരത്തെ അധികാര രാഷ്ട്രീയത്തിലേക്കുള്ള ആയുധമാക്കിയെന്നും കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ ബി ജെ പിയും ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ ആം ആദ്മിയും ഇത് ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍.

തന്റെ നിരാഹാര സമരത്തിന് പിന്നില്‍ സംഘ്പരിവാര്‍ നടത്തിയ കളി താന്‍ അറിഞ്ഞില്ലെന്ന മട്ടിലാണ് അണ്ണാ ഹസാരെയുടെ ഈ പ്രസ്താവന. എന്നാല്‍ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിയെ അദ്ദേഹം സഹായിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മോദി ഭരണത്തില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കപ്പെടുമ്പോഴോ രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും ബി ജെ പി സര്‍ക്കാര്‍ കശാപ്പ് ചെയ്യുമ്പോഴോ അണ്ണാ ഹസാരെയുടെ സ്വരം ഉയര്‍ന്നു കേള്‍ക്കുന്നില്ല. ഹിന്ദുത്വ ഭീകരര്‍ ദളിതരെയും മത ന്യൂനപക്ഷങ്ങളെയും നിഷ്ഠൂരമായി കൊല ചെയ്തപ്പോഴും വ്യാജ ഏറ്റുമുട്ടലുകളിലൂടെ പോലീസ് നിരപരാധികളെ കൊന്നപ്പോഴും അദ്ദേഹത്തിന്റെ ധാര്‍മിക രോഷം ഉയര്‍ന്നില്ല. മണിപ്പൂരിലെ സൈനിക ഭീകരതക്കെതിരെ ഇറോം ഷര്‍മിള നടത്തിയ നിരാഹാര സമരം അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തിയില്ല. മോദി അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ച മട്ടാണ്.

കെജ്‌രിവാളിനെക്കുറിച്ചുള്ള പ്രശാന്ത് ഭൂഷണിന്റെ വിലയിരുത്തല്‍ പൂര്‍ണമായും ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് സമീപ കാലത്ത് അദ്ദേഹം സ്വീകരിച്ച പല നയങ്ങളും. മതേതര നിലപാടുകളേക്കാള്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ഫാസിസ നയങ്ങളോടാണ് അദ്ദേഹത്തിന് പ്രതിപത്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്ന ബില്ലിനെ അദ്ദേഹം അനുകൂലിച്ചു. എന്‍ ആര്‍ സി, സി എ എ ബില്ലിന്റെ വിഷയത്തില്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഷഹീന്‍ ബാഗ് സമരത്തില്‍ അഴകൊഴമ്പന്‍ നയമായിരുന്നു കെജ്‌രിവാളിന്റെത്. ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ സംഘ്പരിവാര്‍ മുസ്‌ലിം സമുദായത്തെ ആക്രമിക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തപ്പോള്‍ ഡല്‍ഹി ഭരണം കൈയാളുന്ന അദ്ദേഹം അതിനെതിരെ വിരലനക്കിയില്ല. ഡല്‍ഹിയിലെ വംശീയഹത്യക്കിടെ കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് ഉടനടി ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച അദ്ദേഹത്തിന് സംഘ്പരിവാര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് സാന്ത്വനത്തിന്റെ വാക്കുകള്‍ പറയാന്‍ പോലും മനസ്സുവന്നില്ല. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷങ്ങളുടെ സംരക്ഷകനാണെന്ന പ്രതീതി സൃഷ്ടിക്കുകയും അധികാരത്തിലെത്തിയതോടെ അവരെ കൈയൊഴിയുകയുമായിരുന്നു അദ്ദേഹം. രാമജന്മഭൂമി ട്രസ്റ്റ് രൂപവത്കരിച്ച് നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം എതിര്‍ത്തപ്പോള്‍ കെജ്‌രിവാള്‍ സ്വാഗതം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഇതൊരു നല്ല കാര്യമാണ്, അതിനെ ഞാന്‍ പിന്തുണക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മോദിയെ അദ്ദേഹം വിമര്‍ശിക്കാറില്ലെന്നതും ശ്രദ്ധേയമാണ്.

പലര്‍ക്കും മതേതരത്വ പരിവേഷവും അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളും അധികാരത്തിലേക്കുള്ള കേവല ചവിട്ടുപടി മാത്രമാണ്. ആട്ടിന്‍ തോലണിഞ്ഞ ഇത്തരം ഹിംസ്ര മാനസരെ തിരിച്ചറിയാന്‍ പലപ്പോഴും വൈകിപ്പോകുന്നു. അതിനിടെ വിലപ്പെട്ട പലതും നമുക്ക് നഷ്ടമാകുകയും ചെയ്യുന്നു.

Latest