പ്രത്യേക വിവാഹ നിയമത്തിലെ ചില വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്ത് ഹരജി; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീം കോടതി

Posted on: September 16, 2020 11:48 pm | Last updated: September 17, 2020 at 9:47 am

ന്യൂഡല്‍ഹി | പ്രത്യേക വിവാഹ നിയമത്തിലെ ചില വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീം കോടതി. കേരളത്തില്‍ നിന്നുള്ള ഒരു ലോ കോളജ് വിദ്യാര്‍ഥിയാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ സാധുത ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്. വിവാഹം ചെയ്യുന്നതിനും സ്വകാര്യതക്കുമുള്ള മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് ഈ വ്യവസ്ഥകളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പ്രത്യേക വിവാഹ നിയമത്തിലെ 6(2), 7, 8, 10 വ്യവസ്ഥകള്‍ നീതിരഹിതവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അതിനാല്‍ ഇവ റദ്ദ് ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ തലവനായ മൂന്നംഗ ബഞ്ച് ഹരജി ഫയലില്‍ സ്വീകരിക്കുകയും പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയക്കുകയുമായിരുന്നു. ജസ്റ്റിസുമാരായ എ എസ് ബോപണ്ണയും വി രാമസുബ്രഹ്മണ്യനുമാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

ഭരണഘടന പ്രകാരം സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധി ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷക നന്ദിനി പ്രവീണ്‍ പരാമര്‍ശിച്ചു. സ്വകാര്യതയുടെ മാത്രമല്ല, വ്യക്തിയുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ് തന്റെ കക്ഷി ഉന്നയിച്ചിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.