സി ബി എസ് ഇ ക്ലാസുകളും അര മണിക്കൂര്‍ വീതം മതിയെന്ന് ബാലാവകാശ കമ്മീഷന്‍

Posted on: September 16, 2020 9:24 pm | Last updated: September 17, 2020 at 9:47 am

പത്തനംതിട്ട | സംസ്ഥാനത്തെ എല്ലാ സി ബി എസ് ഇ വിദ്യാലയങ്ങളിലെയും ഓണ്‍ലൈന്‍ ക്ലാസുകളുടെയും ഓരോ സെഷന്റെയും സമയം പരമാവധി അര മണിക്കൂറായി നിജപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ഓരോ സെഷനു ശേഷവും 15 മുതല്‍ 30 മിനുട്ട് വരെ വിശ്രമവേള നല്‍കുകയും വേണം. ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ക്ലാസെടുക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരുവല്ല സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ ഒമ്പതു മുതല്‍ 5.30 വരെ തുടര്‍ച്ചയായി നീണ്ടുപോകുന്നതായി പത്തും പതിമൂന്നും വയസ്സുള്ള കുട്ടികളുടെ പിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. ക്ലാസിനു ശേഷം കലോത്സവത്തിന്റെയും മറ്റും പരിശീലനത്തിനായി കുട്ടികള്‍ പത്തു മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് മാനസിക പ്രശ്നങ്ങള്‍ക്കും കാഴ്ചവൈകല്യങ്ങള്‍ക്കും കാരണമാകുന്നു. ഇതിനു പുറമെ അധ്യാപകര്‍ നിര്‍ദേശിക്കുന്ന അസൈന്‍മെന്റുകളും ഹോം വര്‍ക്കുകളും ദിവസേനയുള്ള ടെസ്റ്റ് പേപ്പറുകളും കുട്ടികള്‍ക്ക് താങ്ങുവാന്‍ കഴിയുന്നില്ല എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ടേം പരീക്ഷക്ക് സമാനമായ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികളുടെ സംശയ നിവാരണത്തിനും പഠനപ്രക്രിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ശിശു സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കണം. എല്ലാ സി ബി എസ് ഇ, ഐ സി എസ് ഇ, ജവഹര്‍ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പല്‍മാര്‍ ഓരോ മാസത്തെയും ഓണ്‍ലൈന്‍ ക്ലാസുകളുടെ ടൈം ടേബിള്‍ ജില്ലാ കലക്ടര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കേണ്ടതാണ്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതെന്ന് എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ വ്യക്തമാക്കി.