Connect with us

Gulf

ആഗോള വ്യാവസായിക പട്ടികയില്‍ ഇനി സഊദി അറാംകോ ഖുറൈസ് ഡിവിഷനും

Published

|

Last Updated

റിയാദ് | ആഗോള വ്യാവസായിക പട്ടികയില്‍ ഇനി സഊദി അറാംകോ ഖുറൈസ് ശുദ്ധീകരണശാലയും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉത്പാദന വിതരണ മേഖലയില്‍ നാലാം വ്യാവസായിക ശ്രേണിയില്‍ ഇടം നേടിയതോടെ വേള്‍ഡ് ഇക്കണോമിക് ഫോറം ഗ്ലോബല്‍ നെറ്റ്വര്‍ക്കില്‍ സ്ഥാനം നേടിയ രാജ്യത്തെ ആദ്യ കമ്പനിയെന്ന നേട്ടത്തിന് ഖുറൈസ് വ്യാവസായിക മേഖല അര്‍ഹമായി. ഇതോടെ, പട്ടികയില്‍ സ്ഥാനം പിടിച്ച രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ഖുറൈസ് എന്ന ശുദ്ധീകരണ ശാല മാറി.

നേരത്തെ ഉത്മാനിയ ഗ്യാസ് പ്ലാന്റും പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. എണ്ണ വ്യാവസായിക വിപ്ലവത്തില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുക വഴി കൂടുതല്‍ ഉത്പാദന-വിതരണം പൂത്തിയാക്കിയതോടെയാണ് ലോക സാമ്പത്തിക ഫോറം അംഗീകരിച്ച അറാംകോ ഖുറൈസ് ഡിവിഷന്‍ പട്ടികയില്‍ ഇടം നേടിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണക്കാരെന്ന പദവി നിലനിര്‍ത്തിക്കൊണ്ടുള്ള ഖുറൈസ് ഓയില്‍ ഫീല്‍ഡ് വികസന പദ്ധതിയാണ് സഊദി അറേബ്യക്ക് അഭിമാനമായത്.

എണ്ണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ അംഗീകരിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഊര്‍ജ മേഖലയിലെ കണ്ടുപിടിത്തങ്ങളും കാര്യക്ഷമത, സുരക്ഷ, പാരിസ്ഥിതിക പ്രകടനം എന്നിവയില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഖുറൈസ് ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു. ബിഗ് ഡാറ്റാ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, സ്മാര്‍ട്ട് സെന്‍സറുകള്‍, റോബോട്ടിക്‌സ് എന്നീ അത്യാധുനിക പുരോഗതി പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മേഖലയാണ് ഖുറൈസ് ശുദ്ധീകരണ എണ്ണ ശാലയെന്ന് അറാംകോ പ്രസിഡന്റും സി ഇ ഒയുമായ അമീന്‍ നാസര്‍ പറഞ്ഞു. 2009 ജൂണിലാണ് ഖുറൈസ് വ്യാവസായിക മേഖലയില്‍ നിന്നുള്ള എണ്ണയുത്പാദനം ആരംഭിച്ചത്.

Latest