തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് മന്ത്രിസഭ അംഗീകാരം

Posted on: September 16, 2020 12:26 pm | Last updated: September 16, 2020 at 3:12 pm

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.

കിടപ്പ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ തപാല്‍ വോട്ടിന് അവസരം ലഭിക്കുക. പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പോളിംഗ് സമയം വൈകിട്ട് അഞ്ചില്‍ നിന്നും ആറാക്കി ഉയര്‍ത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. വോട്ടെടുപ്പിന് തലേ ദിവസം ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് മന്ത്രിസഭ എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാരണങ്ങളും കമ്മീഷന്‍ ഉത്തരവിന് അനുസരിച്ച് തീരുമാനം എടുക്കാമെന്ന നിലപാടിലാണ് മന്ത്രിസഭ എത്തിയത്.