ചരിത്ര നിമിഷം പിറന്നു; ഇസ്‌റാഈലുമായി യുഎഇയും ബഹ്‌റൈനും സമാധാന കരാറില്‍ ഒപ്പിട്ടു

Posted on: September 15, 2020 11:54 pm | Last updated: September 16, 2020 at 8:07 am

വാഷിങ്ടന്‍ | ഇസ്‌റാഈലുമായി യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ സമാധാന കരാര്‍ ഒപ്പിട്ടു. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. കരാര്‍ പ്രകാരം കൂടുതല്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി ഇസ്‌റാഈല്‍ സമ്മതിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മധ്യപൂര്‍വ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടന്‍ സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.