Kerala
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; ഉടമകള്‍ക്ക് ഇന്ത്യയിലുള്ളത് 1760 ബേങ്ക് അക്കൗണ്ടുകള്‍

പത്തനംതിട്ട | 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പേരില്‍ ഇന്ത്യയിലെ വിവിധ ബേങ്കുകളിലുളളത് 1760 അക്കൗണ്ടുകള്‍. രാജ്യത്തെ ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബേങ്കുകളിലായാണ് ഇവര്‍ക്ക് ഇത്രയധികം അക്കൗണ്ടുകളുളളത്. അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇന്‍സ്പെക്ടര്‍ പി എസ് രാജേഷ് ബേങ്കുകള്‍ക്ക് കത്ത് നല്‍കി.
ഉടമകള്‍ക്കെതിരേ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സ്ഥലങ്ങളില്‍ 11 കേസുകളില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. കോന്നിയില്‍ നിന്ന് മാത്രം മൂവായിരം നിക്ഷേപകരുടെ പരാതിയാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ച പുതിയ പരാതിയും തട്ടിപ്പ് സംഘത്തിന് എതിരെ ലഭിച്ചിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും പോലീസ് അന്വേഷണത്തില്‍ ഇവരുടെ 125 കോടി രൂപയുടെ ആസ്തിയാണ് കണ്ടെത്തിയത്. പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാര്‍ ഹെഡ് ഓഫീസില്‍ നിന്ന് ഡയറക്ടര്‍മാരിലൊരാളായ റിനു മറിയം തോമസ് രേഖകള്‍ കടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ജീവനക്കാരുടെ ഇടപെടല്‍ കാരണമാണ് രേഖകള്‍ കടത്തുന്നതിനുള്ള ശ്രമം നടക്കാതെ പോയത്. പോപ്പുലര്‍ മേരിറാണി നിധി ലിമിറ്റഡ് എന്ന എല്‍എല്‍പിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താന്‍ ശ്രമിച്ചത്. ഈ വിവരങ്ങള്‍ വകയാര്‍ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ നിക്ഷേപകരുടെ വിവരങ്ങളും വകയാര്‍ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ പോലീസിന് കൈമാറി. രാജ്യത്തും പുറത്തുമായി ഉള്ള പോപ്പുലര്‍ ഉടമകളുടെ നിക്ഷേപവും വസ്തു ഇടപാടുകളും ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ നേരത്തേ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിന് കാരണം.
രാജ്യാന്തര നിക്ഷേപങ്ങളും കള്ളപ്പണ ഇടപാടുകളും സംശയിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലീസിന് ഏറെ പരിമിതികളുണ്ട്. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനാവും. പോപ്പുലര്‍ ഉടമകളുടെ പണമിടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതോടെ രണ്ട് കേന്ദ്ര ഏജന്‍സികളാണ് സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന മുറക്ക് പോലീസ് അന്വേഷണ വിവരങ്ങള്‍ സിബിഐക്ക് കൈമാറും. കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 284 ശാഖകളാണ് പോപ്പുലര്‍ ഫിനാന്‍സിനുള്ളത്. 30,000ഓളം നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. ഓസ്ട്രേലിയ, ദുബൈ എന്നിവടങ്ങളില്‍ പോപ്പുലര്‍ ഉടമകള്‍ക്ക് വന്‍ നിക്ഷേപമുള്ളതായാണ് വിവരം.