അപവാദ പ്രചാരണം നടത്തി ജലീലിനെ തേജോവധം ചെയ്യാന്‍ ശ്രമം: മുഖ്യമന്ത്രി

Posted on: September 15, 2020 7:25 pm | Last updated: September 15, 2020 at 9:42 pm

തിരുവനന്തപുരം | കെ ടി ജലീലിനെ വീണ്ടും ശക്തമായ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി ആരോപണമുന്നയിച്ച് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജലീല്‍ എന്ത് തെറ്റാണ് ചെയ്തത്. അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് നീക്കം. അപവാദങ്ങള്‍ പ്രചരിപ്പിച്ച് നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഒരു അന്വേഷണ ഏജന്‍സി ഒരാളെ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സി അവയെക്കുറിച്ച് ചോദിച്ചറിയുന്നു എന്നു മാത്രമേയുള്ളൂ. ചോദ്യം ചെയ്യലിന് വിധേയനായതുകൊണ്ട് മാത്രം രാജിവക്കണമെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്.

ഇവിടെ നടക്കുന്നത് നമ്മുടെ നാടിനു ചേരാത്ത കാര്യങ്ങളാണ്. ലീഗിനും ബി ജെ പിക്കും ഒരുമിച്ച് നീങ്ങാന്‍ ജലീലെന്ന കഥാപാത്രത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് അപവാദ പ്രചാരണമല്ലാതെ മറ്റൊന്നുമല്ല. ഖുര്‍ആന്‍ കൊടുക്കുന്നത് തെറ്റെന്ന് ബി ജെ പിക്ക് തോന്നാം, എന്നാല്‍ ലീഗിന് തോന്നാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.