ലൈഫ് മിഷന്‍ പദ്ധതി: വിവാദ വിഷയങ്ങളില്‍ യു വി ജോസിന്റെ മൊഴിയെടുത്ത് ഇ ഡി

Posted on: September 15, 2020 3:42 pm | Last updated: September 15, 2020 at 3:42 pm

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ സി ഇ ഒ. യു വി ജോസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) രേഖപ്പെടുത്തി. കഴിഞ്ഞാഴ്ച കൊച്ചിയില്‍ വച്ച് അതീവ രഹസ്യമായി മൊഴിയെടുത്തെന്നാണ് വിവരം. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ കരാറിന് യൂണിടാക്കിനെ നിശ്ചയിച്ചത്, യു എ ഇ കോണ്‍സുലേറ്റുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിലാണ് ജോസില്‍ നിന്ന് ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയത്.

യു വി ജോസിനെ ഇന്ന് കൊച്ചിയില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍, പുറത്താരും അറിയാത്ത രൂപത്തില്‍ കഴിഞ്ഞാഴ്ച തന്നെ മൊഴിയെടുക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ഇ ഡിയുടെ നോട്ടീസ് ലഭിച്ചതോ മൊഴിയെടുത്തതോ ആയ വിവരങ്ങളൊന്നും യു വി ജോസ് പുറത്തുവിട്ടിരുന്നുമില്ല.