കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫയും നേരിട്ട് ഹാജരാകണം

Posted on: September 15, 2020 2:40 pm | Last updated: September 15, 2020 at 2:41 pm

തിരുവനന്തപുരം | സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും  കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജൂലൈ 21 ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇവർ ഹാജരായിരുന്നില്ല.

രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭിഭാഷകർ വഴി അവധി അപേക്ഷ സമർപ്പിച്ചാണ് ഇവർ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇരുപ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24ന് നൽകിയിരുന്നു. കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി മാസം മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച ശേഷം ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധനാ റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304 (രണ്ട്) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (രണ്ട്) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി നേരത്തേയുള്ള ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്. എന്നാൽ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും പ്രതികൾ ഹാജരാകാത്ത സാഹചര്യത്തിലാണ് നാളെ ഹാജരാകാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലെന്ന നിയമം അറിയാമെന്നിരിക്കെ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസിനൊപ്പം കെ എൽ 01-ബി എം 360 നമ്പർ വോക്‌സ് വാഗൺ കാർ അമിത വേഗതയിലോടിച്ചാണ് ബഷീറിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറ്റിയത്.

ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ കേസെടുത്തിട്ടുള്ളത്.

ALSO READ  കെ എം ബി സ്മരണയിലലിഞ്ഞ് സിറാജ് തിരുമുറ്റം