Kerala
സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന് പങ്കെന്ന് പറഞ്ഞിട്ടില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിന് പങ്കുള്ളതായി താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോകോള്‍ ലംഘനമാണ് ജലീലിനെതിരെ പ്രതിക്ഷം ഉന്നയിച്ച ആരോപണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്തുമായി നേരിട്ടോ അല്ലാതെയൊ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പ്രോട്ടോകോള്‍ ലംഘനം എന്നീ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഉന്നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ മുഖം വികൃതമായിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. അഴിമതി സംബന്ധിച്ച ഓരോ തെളിവുകളും ആരോപണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ ഇതെല്ലം സാങ്കല്‍പികമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. നാണംകെട്ട അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണ്. എത്ര കാലം ഇത്തരം മുഖ്യമന്ത്രിക്ക് മൂടിവെക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.