ഡല്‍ഹി പോലീസിന്റെ പണി അമിത് ഷായുടെ താത്പര്യം സംരക്ഷിക്കല്‍: യെച്ചൂരി

Posted on: September 15, 2020 9:53 am | Last updated: September 15, 2020 at 9:53 am

ന്യൂഡല്‍ഹി | വംശഹത്യ കേസുകളില്‍ ഡല്‍ഹി പോലീസ് കൈയാളുന്ന ഏകപക്ഷീയ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇംഗിതമാണ് ഡല്‍ഹി പോലീസ് നടപ്പിലാക്കുന്നത്. സത്യം തെളിയിക്കലും നിതിന്യായ നിര്‍വഹണവുമൊന്നും അവരുടെ ലക്ഷ്യമല്ലെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.

ഡല്‍ഹി വംശഹത്യ കേസില്‍ താനടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കേസെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ് പറയുന്നത് നിലവില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നാണ്. അതില്‍ കാര്യമില്ല. പേരുകള്‍ എങ്ങനെ പൊതുമണ്ഡലത്തില്‍ വന്നു?. കുറ്റപത്രത്തില്‍ ചില പേരുകള്‍ പറയല്‍ അവരുടെ പതിവ് ശൈലിയാണ്. ആരോ പറഞ്ഞുവെന്ന പേരില്‍ ചില പേരുകള്‍ പരസ്യപ്പെടുത്തും. ഇതിന്റെ പേരില്‍ കേസെടുത്ത് കുറ്റപത്രം നല്‍കും. യു എ പി എ പോലുള്ള കുറ്റങ്ങള്‍ ചുമത്തും. ഭീമ കൊറേഗാവ് കേസിലും ഇങ്ങനെയാണ് സംഭവിച്ചത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്ത രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ഇതുകൊണ്ടൊന്നും സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം നടത്താന്‍ അവകാശമുണ്ടെന്നും അത് എന്റെ കടമയാണ്.

അടിയന്തരാവസ്ഥ്‌ക്കെതിരെ പൊരുതിയ തലമുറയാണ് ഞങ്ങളുടേത്. പോരാട്ടങ്ങളുടെ ഫലമായി അന്ന് ജനാധിപത്യം പുനഃസ്ഥാപിച്ചു. നിലവിലെ ഭരണകക്ഷിക്കുകൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ അന്ന് രൂപീകരിക്കാന്‍ സാധിച്ചു. ഇതൊക്കെ കേന്ദ്രം ഓര്‍ക്കണമെന്നും അദ്ദേഹം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.