സെല്‍ഫിയെടുക്കവെ ആന്ധ്ര സ്വദേശിനി യു എസില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു

Posted on: September 14, 2020 8:57 pm | Last updated: September 14, 2020 at 11:41 pm

ഹൈദരാബാദ് | യുഎസില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫിയെടുക്കവെ ആന്ധ്രപ്രദേശ് സ്വദേശിയായ യുവതി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണു മരിച്ചു. കൃഷ്ണ ജില്ലയിലെ ഗുഡലവ്ലേരു സ്വദേശി കമലയാണ് (27) മരിച്ചത്. ടെന്നസിയിലെ ബാല്‍ദ് നദിയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.

കമലയും പ്രതിശ്രുതവരനും അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേരും കാല്‍വഴുതി വീണു. സമീപമുണ്ടായിരുന്നവര്‍ യുവാവിനെ രക്ഷിച്ചെങ്കിലും കമലയെ രക്ഷിക്കാനായില്ല.

ഒഴുക്കില്‍പ്പെട്ട കമലയെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്താനായത്. യുഎസില്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരിയാണ് കമല. ഒഹായോയിലെ മെയ്ഫീല്‍ഡ് ഹൈറ്റ്‌സിലാണ് കമല താമസിക്കുന്നത്.