അനാവശ്യ വിവാദങ്ങളുയര്‍ത്തി ലൈഫ് മിഷന്റെ നേട്ടം ഇല്ലാതാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Posted on: September 14, 2020 12:42 pm | Last updated: September 14, 2020 at 3:13 pm

പത്തനംതിട്ട | ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിരവധി വീടുകളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, സര്‍ക്കാറിന്റെ നേട്ടങ്ങളെ കരിവാരിത്തേക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അത്തരക്കാരാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ പുതിയ ഒ പി വിഭാഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടക്കാന്‍ പാടില്ല എന്നതാണ് ചിലരുടെ മനോഗതി. ശരിയായ കാര്യങ്ങള്‍ നാടിന് മുന്നില്‍ അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന മാനസികാവസ്ഥയാണ് അവര്‍ക്കുള്ളത്. എന്നാല്‍, ഒരു ദിവസത്തെ വാര്‍ത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് അവര്‍ മനസിലാക്കുന്നത് നല്ലതാണ്. ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് തിരിച്ചറിയണം.

കിഫ്ബി ഫണ്ടില്‍ നിന്ന് തുക വകയിരുത്തി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാലര വര്‍ഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലക്ക് വലിയ വളര്‍ച്ചയുണ്ടായതായും ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.