ലോക്‌സഭാ സമ്മേളനം തുടങ്ങി; രാജ്യസഭ ഉച്ചക്കു ശേഷം മൂന്നിന് ചേരും

Posted on: September 14, 2020 8:36 am | Last updated: September 14, 2020 at 3:34 pm

ന്യൂഡല്‍ഹി | ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം തുടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമ്മേളനം രാവിലെ ഒമ്പതിനാണ് ആരംഭിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നിന് രാജ്യസഭാ സമ്മേളനവും നടക്കും. നാലു മണിക്കൂര്‍ വീതമായിരിക്കും ഇരുസഭകളും ചേരുക. നാളെ മുതല്‍ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്സഭയും ചേരും. അവശ്യ സാധന നിയമ ഭേദഗതി ബില്‍, മന്ത്രിമാരുടെയും എം പിമാരുടെയും ശമ്പളം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ തുടങ്ങിയവ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിക്കും. ഡല്‍ഹി അക്രമക്കേസിന്റെ കുറ്റപത്രത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരുടെ പേര് പരാമര്‍ശിച്ചതിനെതിരെ ബിനോയ് വിശ്വം, കെ കെ രാഗേഷ്, എ എം ആരിഫ് തുടങ്ങിയവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.