സഊദി അതിർത്തികൾ ചൊവ്വാഴ്ച തുറക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി മുതൽ 

Posted on: September 13, 2020 11:30 pm | Last updated: September 14, 2020 at 10:54 am
ജിദ്ദ: സെപ്റ്റംബർ 15  മുതൽ സഊദിയുടെ കര, ജല, വ്യോമ അതിർത്തികൾ ഭാഗികമായി തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആറ് മാസം മുമ്പ് അടച്ചിട്ടതായിരുന്നു അതിർത്തികൾ.  സന്ദർശക വിസ, തൊഴിൽ വിസ എന്നിവയുള്ളവർക്കും അവധിയിലുള്ളവർക്കും അന്നുമുതൽ സൗദിയിൽ എത്താവുന്നതാണ്.

എന്നാൽ അതിർത്തികൾ സമ്പൂർണമായി തുറന്ന് വിമാന സർവീസുകളും മറ്റും സാധാരണ നിലയിലാകുന്നത് ജനുവരി ഒന്നു മുതലാണ്. കൃത്യം ഒരു മാസം മുമ്പ് ഇതിന്റെ വിശദ വിവരങ്ങൾ അറിയിക്കും. സഊദിയുടെ അതിർത്തികൾ ചൊവ്വാഴ്ച ഭാഗികമായി തുറക്കുമെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾക്ക് വിധേയമായി സൗദിയിലുള്ളവർക്ക് പോകാനും വരാനും സാധിക്കുന്ന സംവിധാനമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.

സർക്കാർ സർവീസിലുള്ളവർ, സൈനികർ, ഔദ്യോഗിക ജോലിയിലുള്ളവർ, നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ, സഊദിക്ക് പുറത്തെ കമ്പനികളിൽ ജോലി ചെയ്യുന്നവർ, വ്യാപാര ആവശ്യത്തിന് പുറത്തുപോകുന്നവർ, വിദേശത്ത് ചികിത്സ ആവശ്യമുള്ള രോഗികൾ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ, സഊദിക്ക് പുറത്ത് അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവർ, സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ളവർ, സഊദിയിൽ താമസ രേഖയുള്ള വിദേശികൾ, അവരുടെ ആശ്രിതർ എന്നിവർക്ക് മാത്രമാണ് ഭാഗികമായി അതിർത്തികൾ തുറക്കുന്ന വേളയിൽ സൗദിയിലേക്ക് വരാനും പോകാനും അനുമതിയുണ്ടാവുകയുളളൂ.

സഊദിയിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജറാക്കണം. എന്നാൽ കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള മടക്കം സംബന്ധിച്ച് ബന്ധപ്പെട്ട സമിതി തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

ALSO READ  തീവ്രവാദ പ്രവർത്തനം: സഊദിയിൽ മൂന്ന് പേർക്ക് വധശിക്ഷ