അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍, ഭയപ്പെടുത്താന്‍ നോക്കേണ്ട; ബി ജെ പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് യെച്ചൂരി

Posted on: September 13, 2020 10:29 am | Last updated: September 13, 2020 at 3:04 pm

ന്യൂഡല്‍ഹി | ഡല്‍ഹി അക്രമക്കേസിന്റെ കുറ്റപത്രത്തില്‍ തന്നെയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരമുപയോഗിച്ച് ബി ജെ പി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കൊന്നും പൗരത്വ ഭേദഗതി നിയമം പോലുള്ള വിവേചനങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താനോ അടിച്ചമര്‍ത്താനോ കഴിയില്ലെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ ഭയക്കുന്ന ബി ജെ പി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ തുറന്നടിച്ചു.

‘മതം, ജാതി, നിറം, പ്രദേശം, ലിംഗം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് ജനങ്ങളുടെ അവകാശം മാത്രമല്ല കടമ കൂടിയാണ്. ഞങ്ങളത് ഉപയോഗിക്കുക തന്നെ ചെയ്യും. പാര്‍ലിമെന്റിലും മാധ്യമങ്ങളിലും വിവരാവകാശ നിയമങ്ങളിലും ഉയരുന്ന ചോദ്യങ്ങളെ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണ്. പ്രധാനമന്ത്രിക്ക് ഒരു വാര്‍ത്താ സമ്മേളനം നടത്താനോ വിവരാവകാശ നിയമങ്ങള്‍ക്ക് മറുപടി നല്‍കാനോ സ്വന്തം ബിരുദം കാണിക്കാനോ പോലും സാധിക്കുന്നില്ല. അധികാരം നഗ്‌നമായി ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിര്‍പ്പിനെ നിശബ്ദമാക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍. ഈ നീക്കത്തെയും ഞങ്ങള്‍ പരാജയപ്പെടുത്തും.’- സി പി എം സെക്രട്ടറി പറഞ്ഞു.

യെച്ചൂരിയെ കൂടാതെ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, മുന്‍ എം എല്‍ എ. മതീന്‍ അഹമ്മദ്, എ എ പി എം എല്‍ എ. അമാനത്തുല്ല ഖാന്‍ എന്നിവരുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.