വെഞ്ഞാറമൂട് കൊലപാതകം: മുഖ്യ പ്രതികളുമായി പുലര്‍ച്ചെ തെളിവെടുത്ത് പോലീസ്

Posted on: September 13, 2020 9:20 am | Last updated: September 13, 2020 at 3:04 pm

തിരുവനന്തപുരം | വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതികളുമായി പുലര്‍ച്ചെ തെളിവെടുത്ത് പോലീസ്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് ഈസമയം തെളിവെടുപ്പിനായി തിരഞ്ഞെടുത്തത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടോടെയാണ് കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെ സംഭവ സ്ഥലമായ തേമ്പാമൂട്ടില്‍ലെത്തിച്ച് തെളിവെടുത്തത്. ഇന്നലെ, കൃത്യത്തില്‍ നേരിട്ട് പങ്കാളിയാകാത്ത അന്‍സാര്‍, നജീബ്, അജിത് എന്നീ പ്രതികളെ ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബര്‍ എസ്റ്റേറ്റിലും ഒത്തുകൂടിയ മാങ്കുഴിയിലും പെട്രോള്‍ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുത്തിരുന്നു.

വെള്ളിയാഴ്ചയാണ് പ്രതികളുടെ തെളിവെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊലപാതകം നടന്ന സ്ഥലത്ത് ഡി വൈ എഫ് ഐയുടെ പ്രതിഷേധ പരിപാടിയുള്ളതിനാല്‍ മാറ്റിവക്കുകയായിരുന്നു.
അനിഷ്ടസംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉത്രാട ദിവസം രാത്രിയാണ് വെഞ്ഞാറമൂട്ടില്‍ ഇട്ടക്കൊലപാതകം നടന്നത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നീ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമി സംഘം ഇരുവരേയും വളഞ്ഞിട്ട് മര്‍ദിക്കുകയും മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.