Connect with us

Articles

നൊബേല്‍; ട്രംപിന് നൽകുന്നതിലെന്ത് പുത്തരി!

Published

|

Last Updated

നൊബേല്‍ പ്രഖ്യാപനങ്ങള്‍ വൈകുമെന്നാണ് കേള്‍ക്കുന്നത്. പക്ഷേ, വിവാദങ്ങള്‍ നേരത്തേ തുടങ്ങിയിരിക്കുന്നു. അറ്റ്‌ലാന്റാ പോലുള്ള മാധ്യമങ്ങള്‍ സമാധാന നൊബേല്‍ നിര്‍ത്താലാക്കണമെന്ന ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ നല്‍കണമെന്ന നോമിനേഷനുമായി സ്വീഡനിലെയും നേര്‍വേയിലെയും എം പിമാര്‍ രംഗത്തെത്തിയതിന് പിറകേയാണ് ഇത്തരമൊരു ക്യാമ്പയിന്‍ നടക്കുന്നതെങ്കിലും ഇക്കാലമത്രയുമുള്ള നൊബേലുകളുടെ അടിയാധാരം പരിശോധിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. എല്ലാ പുരസ്‌കാരങ്ങള്‍ക്കും രാഷ്ട്രീയവും ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവുമൊക്കെയുണ്ട്. ആളും തരവും നോക്കും, നാട് നോക്കും, ചേരി നോക്കും. പൗരസ്ത്യ ദേശത്തേക്ക് നൊബേല്‍ വരാന്‍ പാടാണ്. മധ്യ, പൗരസ്ത്യ, അറബ് ലോകത്ത് നൊബേല്‍ ചെല്ലുന്നത് അവിടങ്ങളിലെ ഭരണകൂടങ്ങളെ വെല്ലുവിളിക്കുന്നവരിലേക്കാകും. പാശ്ചാത്യ ലോകത്ത് അത് ഭരണകൂടങ്ങളെ സഹായിക്കുന്നവരിലേക്കും.

എത്ര കേമരായാലും സാഹിത്യ നൊബേലുകള്‍ ഇടത് ലിബറലുകള്‍ക്ക് വന്നുചേരാന്‍ ബുദ്ധിമുട്ടാണ്. ശാസ്ത്ര നൊബേലുകള്‍ക്ക് ചുരുങ്ങിയ നിലയിലെങ്കിലും വസ്തുനിഷ്ഠമാകാന്‍ സാധിക്കും. കാരണം, അവിടെ കണ്ടുപിടിക്കപ്പെട്ട വസ്തുവോ ആശയമോ ഉണ്ട്. എന്നാല്‍, സമാധാന നൊബേല്‍ തികച്ചും ആത്മനിഷ്ഠമാണ്. നൊബേല്‍ കമ്മിറ്റി നിശ്ചയിക്കുന്ന മുന്‍ഗണനകളെ നിരവധി ബാഹ്യഘടകങ്ങള്‍ സ്വാധീനിക്കും. സമാധാന നൊബേല്‍ വേണ്ട എന്ന ക്യാമ്പയിന്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത് ഈ സ്വാധീനങ്ങളെയാണ്.

ഗാന്ധിജിക്ക് കിട്ടാത്ത നൊബേലല്ലേ; ഡൊണാള്‍ഡ് ട്രംപിന് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? ബരാക് ഒബാമക്കും ഹെന്റി കിസിന്‍ജര്‍ക്കുമൊക്കെ ആകാമെങ്കില്‍ എന്തുകൊണ്ട് ട്രംപിന് ആയിക്കൂടാ? (വിയറ്റ്‌നാം ആക്രമണത്തിന്റെ ക്രൂരതകള്‍ക്ക് മുഴുവന്‍ ഉത്തരവാദിയായ ഹെന്റി കിസിൻജര്‍ക്കായിരുന്നു 1973ലെ നൊബേല്‍. അന്ന് പുരസ്‌കാരം പങ്കിടാന്‍ വിധിക്കപ്പെട്ട വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ലി ഡോക് തോ സമ്മാനം നിരസിച്ചു. സമാധാനമില്ലാതെ എന്ത് സമാധാന നൊബേല്‍ എന്നാണ് അദ്ദേഹം ചോദിച്ചത്) മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലയെയും വരിഞ്ഞുമുറുക്കുന്ന യാഥാര്‍ഥ്യമായി തീവ്രവലതുപക്ഷ ആശയഗതികള്‍ പടര്‍ന്നുപന്തലിക്കുമ്പോള്‍ എന്തിന് നൊബേല്‍ മാത്രം മാറിനില്‍ക്കണം. ട്രംപിനെ പ്രസിഡന്റാക്കിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യമല്ല, ബിസിനസ് മികവാണ്. ട്രംപിനെ ജയിപ്പിച്ച മറ്റൊരു ഘടകം മുസ്‌ലിം വിരുദ്ധതയാണ്. സമ്പന്ന മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളെ അദ്ദേഹം കെട്ടിപ്പിടിക്കും. സ്വന്തം നാട്ടില്‍ മുസ്‌ലിംകളെ പരമാവധി അന്യവത്കരിക്കും. മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ തടഞ്ഞ് ജയിലിലടക്കും. കുടിയേറ്റവിരുദ്ധതയാണ് അദ്ദേഹത്തിന്റെ വജ്രായുധം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പണിയുന്ന മതിലാണല്ലോ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി.

യു എസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോലീസിന്റെ വംശീയ അതിക്രമങ്ങള്‍ ഉണ്ടായത് ട്രംപിന്റെ കാലത്താണ്. “ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍” എന്ന പേരില്‍ പ്രക്ഷോഭം യൂറോപ്പിലാകെ പടര്‍ന്നു. ആരോഗ്യ രംഗം കൊവിഡിന് മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്നതും ലോകത്തെ ഏറ്റവും വളര്‍ച്ച കുറഞ്ഞ രാജ്യമായി അമേരിക്ക മാറിയതും ട്രംപിന്റെ “നേട്ടം” തന്നെ. അതുകൊണ്ട് ട്രംപ് രണ്ടാമൂഴത്തില്‍ വോട്ട് തേടാന്‍ പോകുമ്പോള്‍ നൊബേല്‍ നാമനിര്‍ദേശങ്ങളുടെ അകമ്പടി വാദ്യം വേണം. നൊബേല്‍ സമിതി അതിന്റെ പ്രത്യയ ശാസ്ത്ര ദാസ്യം ഇപ്പോഴല്ലാതെ എപ്പോള്‍ കാണിക്കാനാണ്. അതുകൊണ്ട് ട്രംപിന് നൊബേല്‍ കിട്ടിയാല്‍ അത്ഭുതപ്പെടേണ്ടതേയില്ല.

ഇസ്‌റാഈല്‍- യു എ ഇ ഉടമ്പടിക്ക് മാധ്യസ്ഥ്യം വഹിച്ചത് മുന്‍നിര്‍ത്തിയാണത്രെ ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. സത്യത്തില്‍ ഇസ്‌റാഈലുമായി യു എ ഇ നയതന്ത്ര ബന്ധം പുലര്‍ത്തുന്നത് ഇതാദ്യമായല്ല. ഊര്‍ജരംഗത്തും സാങ്കേതികവിദ്യാ കൈമാറ്റത്തിലും നേരത്തേ തന്നെ ഈ രാജ്യങ്ങള്‍ സഹകരിച്ചിരുന്നു. പരസ്പരാശ്രിത ലോകത്തിന്റെ സാധ്യതകളെ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ് അത്. പരസ്പരം സാമ്പത്തിക സഹകരണം പാടില്ലെന്ന് ഇറാന്‍ മജ്‌ലിസും ഇസ്‌റാഈൽ നെസ്സറ്റും നിയമം പാസ്സാക്കിയിട്ടും അനേകം ഇസ്‌റാഈല്‍ കമ്പനികളില്‍ ഇറാന്‍ മുതല്‍ മുടക്കുന്നുണ്ട്. ജര്‍മന്‍- ഇസ്‌റാഈല്‍ സംയുക്ത കമ്പനികളിലാണ് ഈ നിക്ഷേപം. രാഷ്ട്രീയ ശത്രുതയെ അപ്രസക്താക്കുന്ന സൗഹൃദങ്ങള്‍ നടക്കാറുണ്ടെന്ന് ചുരുക്കം.

യു എ ഇ വിദേശകാര്യ വക്താവ് ജമാല്‍ അല്‍ മുശാറക് നടത്തിയ പ്രതികരണത്തില്‍ ആ രാജ്യത്തിന്റെ നിലപാട് പൂര്‍ണമായി അടങ്ങിയിട്ടുണ്ട്: “സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള പാത അതിവൈകാരികതയും വിദ്വേഷവുമല്ല”. അകറ്റി നിര്‍ത്തലിന്റെയും തൊട്ടുകൂടായ്മയുടെയും കാലം കഴിഞ്ഞുവെന്നും പരസ്പരാശ്രിത ലോകത്ത് പരമാവധി സഹകരിച്ചുകൊണ്ട് സ്വന്തം താത്പര്യങ്ങള്‍ നേടിയെടുക്കുകയാണ് വേണ്ടതെന്നുമുള്ള തത്വമാണ് യു എ ഇ മുന്നോട്ടുവെക്കുന്നത്. ഈ ആശയം നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ യു എ ഇക്കുണ്ട്. മേഖലയിലെ ശക്തമായ രാജ്യമെന്ന നിലയില്‍ ഇസ്‌റാഈലിനോട് ദീര്‍ഘകാലം ശത്രുതാപരമായ ബന്ധം സാധ്യമല്ല. അന്താരാഷ്ട്ര യാഥാര്‍ഥ്യം കാണണം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കണം. പെട്രോ വിഭവം മാത്രം ആസ്പദമാക്കി മുന്നോട്ടു പോകാനൊക്കില്ല.

വൈവിധ്യവത്കരണത്തിലേക്ക് നീങ്ങിയേ തീരൂ. ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള ഏത് ശ്രമവും ചര്‍ച്ചയുടെ വഴിയിലൂടെ മാത്രമേ വിജയം കാണൂ എന്നും യു എ ഇ വിശദീകരിക്കുന്നു. ആത്യന്തികമായി, യു എ ഇ ഇപ്പോഴെടുത്ത നിലപാടിനെ “രാഷ്ട്രീയം” എന്നതിനേക്കാള്‍ സാമ്പത്തികം എന്ന് വിലയിരുത്തുന്നതാകും ശരി.

ഈ സാമ്പത്തിക തീരുമാനത്തെ തന്റെ രാഷ്ട്രീയ വിജയമായി അവകാശപ്പെടുകയാണ് ട്രംപ് ചെയ്യുന്നത്. കുറേ ആഗോള മാധ്യമങ്ങള്‍ ആ അര്‍ഥത്തില്‍ ആഘോഷിക്കുകയും ചെയ്യുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ഇത്തരം ഉടമ്പടികളെ സമാധാനത്തിലേക്കുള്ള പൂവിരിച്ച പാതയായി കൊണ്ടാടുന്നവര്‍ മനസ്സിലാക്കേണ്ട വസ്തുതയുണ്ട്. ഈ ഉടമ്പടികളിലെ മനോഹരമായ വാക്കുകളിലേക്കല്ല, അവയുടെ ഫലപ്രാപ്തിയിലേക്കാണ് നോക്കേണ്ടത്.
ഓസ്‌ലോ കരാര്‍ മാത്രമെടുക്കൂ. ഇന്ന് യു എ ഇ- ഇസ്‌റാഈല്‍ കരാറിനെ ആഘോഷിക്കുന്നത് നീതിയുക്തമായ ഫലസ്തീന്‍ രാഷ്ട്രം കൊണ്ടുവരാന്‍ അത് വഴിയൊരുക്കുമെന്ന പ്രതീക്ഷയുടെ പുറത്താണല്ലോ. ഇതിനേക്കാള്‍ ഗംഭീരമായിരുന്നു ഓസ്‌ലോ കരാര്‍. 1993ലെ ആ കരാറിന്റെ പേരില്‍ ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിനും ഇസ്‌റാഈല്‍ പ്രധാനമന്ത്രി യിറ്റ്‌സാക് റബീനും പ്രസിഡന്റ് ശിമോണ്‍ പെരസിനും നൊബേല്‍ ലഭിച്ചു. വല്ല ഗുണവുമുണ്ടായോ? 1967ലെ യുദ്ധത്തില്‍ കൈയേറിയ സ്ഥലങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍മാറി ഗാസയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുമെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. അഞ്ച് വര്‍ഷ കാലാവധിയില്‍, 1998ല്‍ പൂര്‍ത്തീകരിക്കുമെന്ന വ്യവസ്ഥയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഒന്നും നടന്നില്ല. ഇന്ന് വെസ്റ്റ്ബാങ്ക് പൂര്‍ണമായി ഇസ്‌റാഈല്‍ പിടിച്ചടക്കിയിരിക്കുന്നു. കിഴക്കന്‍ ജറൂസലം അവരുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അന്ന് റബീനും അറഫാത്തും പെരസും സമ്മാനിതരായി ചിരിച്ചുനില്‍ക്കുമ്പോള്‍ ബുദ്ധിയുള്ളവര്‍ ചോദിച്ചു: വല്ലതും നടക്കുമോ? ഇന്ന് ട്രംപ് നാമനിര്‍ദേശിതനാകുമ്പോഴും അത് തന്നെയാണ് ചോദ്യം.
മുസ്‌ലിം ലോകത്തെ നിര്‍ണായക ഇടപെടലിന്റെ പേരിലാണ് ഒബാമക്ക്, അദ്ദേഹത്തിന്റെ അനുയായികള്‍ പോലും അനവസരത്തിലെന്ന് വിശേഷിപ്പിച്ച സമാധാന നൊബേല്‍ 2009ല്‍ നല്‍കിയത്. എന്താണ് ഇന്ന് മുസ്‌ലിം ലോകത്തിന്റെ സ്ഥിതി? അമേരിക്ക നന്നാക്കാനിറങ്ങിയ ലിബിയയിലോ ഇറാഖിലോ സിറിയയിലോ അഫ്ഗാനിലോ സമാധാനം സാധ്യമായോ? അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായ ഇറാൻ ആണവ കരാര്‍ ഇന്ന് ചവറ്റുകൊട്ടയിലല്ലേ?

ട്രംപിന് നൊബേലാകാമെങ്കില്‍ കിം ജോംഗ് ഉന്നിനും സി ജിന്‍ പിംഗിനും ബശര്‍ അല്‍ അസദിനും മോദിക്കും നൊബേല്‍ നല്‍കണം

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest