Connect with us

Editorial

കോണ്‍ഗ്രസ് അഴിച്ചുപണിയുടെ പിന്നാന്പുറങ്ങൾ

Published

|

Last Updated

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ച് പറയുന്പോള്‍ തന്നെ, അണിയറക്ക് പിന്നില്‍ നിന്ന് പാര്‍ട്ടിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് രാഹുലാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃനിരയില്‍ നടത്തിയ അഴിച്ചുപണി. അടുത്തിടെ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച കത്തിൽ ഒപ്പിട്ട ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള പഴക്കവും തഴക്കവും ചെന്ന അഞ്ച് നേതാക്കളെ എ ഐ സി സി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയും പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചും നടത്തിയ അഴിച്ചുപണിയെ തുടർന്ന് പുതുതായി സ്ഥാനം ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും രാഹുലിന്റെ വിശ്വസ്തരും സ്തുതിപാഠകരുമാണ്. കത്തില്‍ ഒപ്പുവെച്ച 23 നേതാക്കളില്‍ രണ്ട് പേര്‍ക്ക് നിസ്സാര പദവികള്‍ നല്‍കിയതൊഴിച്ചാല്‍ മറ്റെല്ലാവരെയും മാറ്റിനിര്‍ത്തി. രാഹുലിന്റെ അടുത്ത അനുയായി ആയ രണ്‍ദീപ് സിംഗ് സുര്‍ജേവാലക്ക് ഉന്നതാധികാര സമിതിയിലേക്ക് സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 24ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ തീരുമാനപ്രകാരം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാനായി നിയോഗിച്ച ആറംഗ ഉന്നത സമിതിയിലെ അഞ്ച് പേരും രാഹുലിനോട് അടുത്തുനില്‍ക്കുന്നവരാണ്.

നേരത്തേ സോണിയയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഗുലാം നബി ആസാദ്. നേതൃത്വത്തിന്റെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹം സോണിയയുടെയും രാഹുലിന്റെയും കണ്ണിലെ കരടായത്. ഗുലാം നബിക്കെതിരായ ഇപ്പോഴത്തെ നീക്കം 2018 ഒക്‌ടോബറില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുമായി കൂട്ടിവായിക്കുന്നവരുണ്ട്. “ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയത്താല്‍ പാര്‍ട്ടിയിലെ പല മുതിര്‍ന്ന ഹിന്ദു നേതാക്കളും തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നി”ല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കാലം തൊട്ടേ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മുതല്‍ ലക്ഷദ്വീപ് വരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താന്‍ സജീവമായിരുന്നു. പാര്‍ട്ടിക്ക് ലഭിച്ചിരുന്ന 95 ശതമാനം വോട്ടുകളും ഹിന്ദു വോട്ടര്‍മാരില്‍ നിന്നായിരുന്ന കാലത്തായിരുന്നു അത്. കഴിഞ്ഞ നാല് വര്‍ഷമായി ഇതല്ല അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെയും അമിത്ഷായുടെയും സ്വേഛാപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നു, അവരുടെ സാമ്പത്തിക- അധികാര സംരക്ഷണത്തിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ക്കാണ് പ്രാമുഖ്യം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല എന്നൊക്കെയാണ് ബി ജെ പിയെക്കുറിച്ച് പൊതുവെ ഉയരാറുള്ള ആരോപണം. കോണ്‍ഗ്രസ് നേതാക്കളുമുണ്ട് ഈ വിമര്‍ശകരില്‍. സമാന സ്ഥിതിവിശേഷമാണിപ്പോള്‍ കോണ്‍ഗ്രസിലുമെന്നാണ് അഴിച്ചുപണിയടക്കം സമീപ കാലത്ത് നേതൃത്വമെടുത്ത പല തീരുമാനങ്ങളും നടപടികളും ബോധ്യപ്പെടുത്തുന്നത്. മുഴുസമയ പ്രസിഡന്റ്എന്നതുള്‍പ്പെടെയുള്ള മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുടെ ലക്ഷ്യം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ്. കോണ്‍ഗ്രസ് ഇന്നത്തെ അവസ്ഥയില്‍ ഉറക്കം തൂങ്ങിയിരുന്നാല്‍ അടിസ്ഥാന തലത്തിലുള്ള ശക്തി ചോര്‍ന്നുപോകുമെന്നായിരുന്നു അവര്‍ നേതൃത്വത്തെ ഓര്‍മിപ്പിച്ചിരുന്നത്.

എന്നാല്‍, പിന്നീട് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ കത്തില്‍ ഉന്നയിച്ച ആശങ്കകളൊന്നും ചര്‍ച്ച ചെയ്യുകയോ അതിലൊരാവശ്യം പോലും അംഗീകരിക്കുകയോ ചെയ്തില്ല. കത്തെഴുതിയവരെ വിമതരെന്നാക്ഷേപിച്ച് കടന്നാക്രമിക്കുകയായിരുന്നു പലരും. മാത്രമല്ല, പാര്‍ട്ടി അധ്യക്ഷ അവരെ നിയന്ത്രിക്കുകയോ അടക്കി നിര്‍ത്തുകയോ ചെയ്തതുമില്ല. യോഗത്തിലെ രാഹുല്‍ അനുകൂലികളുടെ ഈ കടന്നാക്രമണം തിരക്കഥയെഴുതി തയ്യാറാക്കിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കത്തെഴുതിയവരെ തഴഞ്ഞുകൊണ്ടുള്ള അഴിച്ചുപണി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി, ബി ജെ പിയുടെ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കുന്നതില്‍ നേതൃത്വത്തിന് സംഭവിക്കുന്ന വീഴ്ച, മധ്യപ്രദേശ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നത തുടങ്ങിയ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ കത്തെഴുതിയത്. എന്താണ് പൊതുതിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു തുറന്ന ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെച്ചതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല ഈ വിഷയം. തോല്‍വിയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള തീവ്രവും കൂട്ടായതുമായ ശ്രമങ്ങളാണാവശ്യം.

രാഹുല്‍ഗാന്ധി മോദിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതൊഴിച്ചാല്‍ ബി ജെ പിയുടെ ഹിഡന്‍ അജന്‍ഡകളെ തുറന്നുകാട്ടുന്നതിലും ചെറുക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. ഇക്കാര്യം രാജ്യസഭാ എം പിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്്വിജയ് സിംഗ് പലപ്പോഴും പാര്‍ട്ടി നേതൃത്വത്തെ ഉണര്‍ത്തിയതാണ്. “പ്രത്യയ ശാസ്ത്രപരമായ വ്യക്തതയുടെ അഭാവമാണ് അവ്യക്തമായ നിലപാടിലേക്ക് പാര്‍ട്ടിയെ നയിക്കുന്നത്. എന്തുകൊണ്ടാണ് ആര്‍ എസ് എസിനെതിരെ പോരാടുന്നതില്‍ നിന്ന് ചിലര്‍ ഒഴിഞ്ഞുമാറുന്നത്? അതിന്റെ ദരിദ്ര വിരുദ്ധ, കര്‍ഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രമാണ് ഇന്ത്യയുടെ ഐക്യവും സമഗ്രതയും നശിപ്പിക്കുന്നതും അതിന്റെ സാമൂഹിക സാമ്പത്തിക ഘടനയെ നശിപ്പിക്കുന്നതും” അടുത്തിടെ ട്വീറ്റില്‍ ദിഗ്്വിജയ് സിംഗ് എഴുതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് “രാഹുല്‍ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെ”ന്ന് വി ടി ബല്‍റാമിന് പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിക്കേണ്ടിവന്നതും നേതൃത്വത്തിന്റെ പ്രത്യയ ശാസ്ത്ര ദാരിദ്ര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

വിമര്‍ശിക്കുന്നവരെയും വിയോജിക്കുന്നവരെയും അകറ്റിനിര്‍ത്തി സ്തുതിപാഠകരുടെ വാക്കുകളില്‍ വിശ്വസിച്ച് മുന്നോട്ട് പോയാല്‍ പലപ്പോഴും അബദ്ധങ്ങളിലാണ് ചെന്നുവീഴുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പാടായ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് ഇന്ദിരാഗാന്ധിയെ നയിച്ചത് സ്തുതിപാഠകരായ ഉപജാപക വൃന്ദമാണെന്നാണല്ലോ പറയപ്പെടുന്നത്.