ജലീലിനെ ചോദ്യം ചെയ്യല്‍ സാധാരണ നിയമ നടപടി മാത്രം: സീതാറാം യെച്ചൂരി

Posted on: September 12, 2020 7:39 pm | Last updated: September 12, 2020 at 10:39 pm

ന്യൂഡല്‍ഹി |  തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കേരളത്തിലെ പ്രതിപക്ഷ സമരങ്ങളെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യം. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടി മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. അതേസമയം ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെയും ബി ജെപിയുടെയും ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് സി പി എം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. ജലീലിന്റെ വിഷയത്തില്‍ നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീം ആയി മാറിയെന്ന് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പോളിറ്റ്ബ്യൂറോയില്‍ വ്യക്തമാക്കി.ജലീലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സി പി എം പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തു.