ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ് 42 ആയി

Posted on: September 12, 2020 4:55 pm | Last updated: September 12, 2020 at 4:55 pm

കാസര്‍കോട് |  ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെതിരായ കേസുകള്‍ വര്‍ധിക്കുന്നു. കാസര്‍കോട്, ചെന്തേര പോലീസ് സ്‌റ്റേഷനുകളിലായി ഒമ്പത് കേസുകളണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 42 ആയി.

ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എം ഡി എം സി ഖമറുദ്ദീന് പുറമെ മാനേജര്‍മാരായ പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദ്, ടി എം എ മജീദ് എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായാണ് പലരും നല്‍കിയ പരാതിയിലുള്ളത്.
അതിനിടെ കേസില്‍ ലീഗ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച സമവായ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഇരകള്‍ രംഗത്തെത്തിയിട്ടുണ്ട്. എം എല്‍ എക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പുറമെ കേസുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.