മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നില്‍ കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും

Posted on: September 12, 2020 12:40 pm | Last updated: September 12, 2020 at 6:10 pm

തിരുവനന്തപുരം |നയതന്ത്ര ബാഗേജ് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ പിറകെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരങ്ങള്‍ സംഘര്‍ഷത്തിലേക്ക്. വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി ജെ പി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതക പ്രയോഗവും നടത്തി. എന്നിട്ടും പിരിഞ്ഞുപോകാത്തവരെ നേരിടാനായി പോലീസ് നേരിയ തോതില്‍ ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

മന്ത്രിയുടെ വസതിയുടെ മുന്നില്‍ ഇന്നും പ്രതിഷേധം ഉണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്. യുവമോര്‍ച്ച യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.

വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ യുവമോര്‍ച്ച, യുത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. പലയിടത്തും പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തരെ ബലം പ്രയോഗിച്ച് മാറ്റാനും പോലീസ് ശ്രമിച്ചു.

മന്ത്രിയുടെ രാജിവരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വ്യക്തമാക്കി.അതേ സമയം വിഷയത്തില്‍ കെ ടി ജലീല്‍ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം മലപ്പുറം വളാഞ്ചേരി കാവുപുറത്തെ വീട്ടിലാണ് അദ്ദേഹമുള്ളത്.