കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു; ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കി

Posted on: September 11, 2020 10:18 pm | Last updated: September 11, 2020 at 11:26 pm

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. പ്രവര്‍ത്തക സമിതിയിലുള്‍പ്പെടെയാണ് പുനസ്സംഘടന നടന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.

മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും. മുകുള്‍ വാസ്‌നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, സുര്‍ജെവാല, ജിതേന്ദ്ര സിംഗ്, കെ സി വേണുഗോപാല്‍ എന്നിവരെ പുതിയ ജനറല്‍ സെക്രട്ടറിമാറായി നിയമിച്ചു. താരിഖ് അന്‍വറിനാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിന്റെ ചുമതലയിലും കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന് ആറംഗ കമ്മിറ്റിയും രൂപവത്ക്കരിച്ചിട്ടുണ്ട്. ആഗസ്റ്റ് 24 ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണിത്. എ കെ ആന്റണിയാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. അഹമദ് പട്ടേല്‍, അംബിക സോണി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്,രണ്‍ദീപ് സിംഗ് സുര്‍ജെവാലഎന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. അഞ്ചംഗ എ ഐ സി സി തിരഞ്ഞെടുപ്പ് അതോററ്റിയും രൂപവത്ക്കരിച്ചു. മധുസൂദനന്‍ മിസ്ത്രിയാണ് ഇതിന്റെ ചെയര്‍മാന്‍.