Connect with us

Kerala

ആറു വയസ്സുകാരിയെ പത്തു തവണ ചോദ്യം ചെയ്തെന്ന പരാതി; പോലീസുകാര്‍ നേരിട്ട് ഹാജരാകണമെന്ന് ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പത്തനംതിട്ട | നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന കേസില്‍ ആറു വയസ്സുകാരിയെ പത്തു തവണ ചോദ്യം ചെയ്‌തെന്ന കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ആലുവ എടത്തല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബൈര്‍, ചൈല്‍ഡ് വുമണ്‍ പോലീസ് ഓഫീസര്‍ മഞ്ജു എന്നിവര്‍ 22-ാം തീയതി തിരുവനന്തപുരത്ത് കമ്മീഷന്‍ മുമ്പാകെ ഹാജരാകണം. കുട്ടിയെ പല പ്രാവശ്യം ചോദ്യം ചെയ്ത പോലീസ് പ്രതിയായ ഭര്‍തൃസഹോദരിയെ ഒരിക്കല്‍ പോലും ചോദ്യം ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തില്ലെന്നു വ്യക്തമാക്കി കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ആഗസ്റ്റ് 24ന് എടത്തല എസ് എച്ച് ഒയും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രണ്ടു വണ്ടി പോലീസുമായി വീട്ടിലെത്തി കുട്ടിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു. 29 നും എച് എച്ച് ഒ മറ്റു പോലീസുകാരുമായി എത്തി വീണ്ടും ചോദ്യം ചെയ്തു. കുട്ടിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പോക്സോ കേസന്വേഷണം എടത്തല സ്റ്റേഷനില്‍ നിന്ന് മാറ്റി ആലുവ ഈസ്റ്റ് എസ് എച്ച് ഒയെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിനുശേഷം മദ്യം കുടിപ്പിച്ച കേസ് അന്വേഷിക്കാന്‍ എന്ന് പറഞ്ഞാണ് പോലീസ് വീണ്ടും എത്തിയതെന്ന് പരാതിക്കാരി ബോധിപ്പിച്ചു. കുട്ടിയെ തനിച്ച് മുറിയിലിരുത്തി നാലു മണിക്കൂര്‍ തുടര്‍ച്ചയായി എസ് എച്ച് ഒ ചോദ്യം ചെയ്തതായും പരാതിയില്‍ പറയുന്നു.

പോലീസ് വാഹനത്തിലെത്തി യൂനിഫോമില്‍ കുട്ടിയെ ചോദ്യം ചെയ്യരുതെന്ന നിയമം ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം കേസുകളില്‍ പുലര്‍ത്തേണ്ട രഹസ്യസ്വഭാവം ഇല്ലാതാക്കിയതായും പോലീസ് സന്നാഹം മാനഹാനിക്ക് ഇടയാക്കിയതായും പരാതിക്കാരി വ്യക്തമാക്കി. പ്രതിക്കെതിരേ പോക്സോ, ബാലനീതി നിയമങ്ങള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല.

Latest