സ്വാമി അഗ്നിവേശ്: ഹിന്ദുത്വ ഭീകരതയെ തുറന്നെതിര്‍ത്ത സന്യാസിവര്യന്‍

ഹിന്ദുത്വത്തിന്റെ ആദര്‍ശം ഫാസിസമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വര്‍ഗീയ സംഘര്‍ഷ സമയത്ത് ബജ്‌റംഗദളിന്റെയോ വി.എച്ച്.പി യുടെയോ പ്രവര്‍ത്തകര്‍ തൃശൂല്‍ വഹിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ അതിനെ ആര്‍ക്കും മത ചിഹ്നമായി കാണാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം തുറന്നുപറച്ചിലിന്റെ പേരില്‍ സംഘ് ഭീകരരുടെ എക്കാലത്തെയും കണ്ണിലെ കരടായിരുന്നു സ്വാമി അഗ്നിവേശ്.
Posted on: September 11, 2020 8:35 pm | Last updated: September 12, 2020 at 6:53 am

ഹിന്ദുത്വ ഭീകരതക്ക് എതിരെ ശക്തമായി സംവദിച്ച സന്യാസിയായിരുന്നു വിടവാങ്ങിയ സ്വാമി അഗ്നിവേശ്. ഹിന്ദുത്വത്തിന്റെ ആദര്‍ശം ഫാസിസമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വര്‍ഗീയ സംഘര്‍ഷ സമയത്ത് ബജ്‌റംഗദളിന്റെയോ വി.എച്ച്.പി യുടെയോ പ്രവര്‍ത്തകര്‍ തൃശൂല്‍ വഹിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ അതിനെ ആര്‍ക്കും മത ചിഹ്നമായി കാണാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം തുറന്നുപറച്ചിലിന്റെ പേരില്‍ സംഘ് ഭീകരരുടെ എക്കാലത്തെയും കണ്ണിലെ കരടായിരുന്നു സ്വാമി അഗ്നിവേശ്.

മതത്തിനുള്ളില്‍ നിന്നുകൊണ്ട്, അതിന്റെ പേരില്‍ നടക്കുന്ന തീവ്ര ചിന്തകളെ എതിര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. പാശ്ചാത്യരിലേയും ഇന്ത്യയിലേയും ഉപരിവര്‍ഗത്തിന്റെ വക്രീകരിക്കപ്പെട്ട വികസനത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യയില്‍ ദിവസവും ഏഴായിരത്തിലധികം കുഞ്ഞുങ്ങളാണ് മരിച്ച് വീഴുന്നതെന്നും ഇത് ഭീകരവാദത്തിന്റെ ഒരു മുഖമല്ലേയെന്നും ഒരിക്കല്‍ അദ്ദേഹം ചോദിച്ചിരുന്നു. ഒരു പക്ഷേ ഭീകരവാദത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരിക്കുമിതെന്നാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഒടുങ്ങാത്ത വേദനകളും പ്രയാസങ്ങളും അത് സമ്മാനിക്കുന്നു. എന്നാല്‍ ഒരു ഭീകരവാദിയുടെ ആക്രമണമേറ്റ് ഞൊടിയിടയില്‍ മരിക്കുന്നത് താരതമ്യേന ചെറിയ ഭീകരതയാവാനേ തരമുള്ളൂ. ഇരുപത്തിഅയ്യായിരം സ്ത്രീകള്‍ സ്ത്രീധനത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരോ വര്‍ഷവും മരണമടയുന്നു.ഇത് ഭീകരതയല്ലേ ? പേണ്‍കുഞ്ഞായതിന്റെ പേരില്‍ എത്രയോ ഭ്രൂണഹത്യകള്‍! നടക്കുന്നു .അതും ഭീകരതയുടെ മറ്റൊരു മുഖം തന്നെയല്ലേ – തുറന്നുപറയുകയായിരുന്നു അഗ്നിവേശ്.

ALSO READ  അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി

ഹിന്ദുത്വം എന്നത് കപട ഹിന്ദൂയിസമാണ്. നമ്മുടെ മതത്തെ അപമാനീകരണം നടത്തികൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടൊ അല്ലാതെ ഹിന്ദുത്വക്കാര്‍ക്ക് വിജയിക്കാനാവില്ലെന്ന് മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം ഉയര്‍ത്തുന്നവര്‍ നമ്മുടെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അനീതിയെ നീതികൊണ്ടും അക്രമത്തെ അഹിംസകൊണ്ടുമാണ് നമ്മള്‍ നേരിടേണ്ടതെന്നും ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യകത്മാക്കിയരിുന്നു.

പശുക്കളുടെ പേരില്‍ രാജ്യത്തുടനീളം നടക്കുന്ന അക്രമ സംഭവങ്ങളെ തുറന്നെതിര്‍ത്തിരുന്നു അഗ്നിവേശ്. മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ വലുതാണെന്ന് പറയുന്ന ചിന്ത അപകടകരമാണെന്നും ഒരു തരത്തിലുമുള്ള അപകടകരമായ രീതിയില്‍ നിയമത്തെ വെല്ലുവിളിച്ച് ആവരുത് മൃഗപരിപാലനമെന്നും അദ്ദേഹം നിലപാടെടുത്തു.

നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ രാജ്യത്തിന്റെ ഏകാധിപതിയാകാന്‍ താങ്കള്‍ക്ക് കഴിയില്ലെന്ന് നരേന്ദ്രമോദിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണെന്നും ഇത് അങ്ങേയറ്റം മലീമസമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അഗ്നിവേശ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

യുവമോര്‍ച്ച, എബിവിപി, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘ് ശക്തികളുടെ നിരന്തര ആക്രമണങ്ങള്‍ക്ക് അദ്ദേഹം ഇരയാക്കപ്പെട്ടിരുന്നു. സ്വാമി അഗ്‌നിവേശിന് നേരെ ജാര്‍ഖണ്ഡിലെ പാക്കൂറില്‍ ബി.ജെ.പി.യുടെയും മറ്റു സംഘപരിവാര്‍ വിഭാഗങ്ങളുടെയും പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ഇതിലൊന്ന് മാത്രം. കഴിഞ്ഞ വര്‍ഷം വൈദ്യ മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ സ്വാമി അഗ്നിവേശിന് നേരെ കൈയേറ്റശ്രമമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.