Connect with us

Kerala

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി |യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള നയതന്ത്ര ബാഗേജ് കേസില്‍ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ചോദ്യം ചെയ്യലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സംബന്ധിച്ചാണ് ജലീലിനോട് ആരാഞ്ഞത് എന്നാണ് സൂചന. അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ ഒന്‍പതിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 11 മണിക്ക് അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു. നയതന്ത്ര കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളാണ് കൊണ്ടുവന്നതെന്നാണ് കെ ടി ജലീലിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.