Connect with us

Covid19

സംസ്ഥാനത്തിന്റെ പൊതുവികാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കുട്ടനാട്, ചവറ നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 മെയ് മാസത്തില്‍ നിയമസഭ കാലാവധി കഴിയും. ഏപ്രിലില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനാണ്‌ സാധ്യത. ഇത് പരിഗണിച്ചാല്‍ 2021 മാര്‍ച്ചോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരാനാണ് സാധ്യത. നവംബര്‍ പകുതിയോടെ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ മൂന്ന് പൂര്‍ണ മാസമാണ്  അംഗത്തിന് പ്രവര്‍ത്തിക്കാന്‍ ലഭിക്കുക. തിരഞ്ഞെടുപ്പ് ബാധ്യതകള്‍ മറ്റും പരിഗണിച്ചാല്‍ ഈ സമയം വളരെ തുച്ചമാണ്. തിരഞ്ഞെടുത്ത അംഗത്തിന് കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കുട്ടനാട്ടില്‍ ഒഴിവുണ്ടായി ആറ് മാസം കഴിഞ്ഞിരിക്കുന്നു. ഇതിനോടൊപ്പം കൊവിഡ് നമ്മെ വലിയ തോതില്‍ അലട്ടുകയാണ്. സര്‍ക്കാര്‍ സംവിധാനം ആകെ കൊവിഡ് പ്രതിരോധത്തിലാണ്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോയെന്നാണ് സര്‍വകക്ഷി യോഗത്തിലേക്ക് വെച്ചത്. എല്ലാ കക്ഷികളും ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പറഞ്ഞത്. സംസ്ഥാനത്തിന്റെ പൊതുവികാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020 നവംബറില്‍ പുതിയ തദ്ദേശ ഭരണ സമിതികള്‍ അധികാര മേല്‍ക്കേണ്ടത് ഭരണഘടനാ ബാധ്യതയാണ്. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ താരതമ്മ്യം ചെയ്യാന്‍ പാടില്ല. അഞ്ച് വര്‍ഷത്തേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടത്. 3349 പേര്‍ക്കാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ കൊവിഡ് കേസുകള്‍. ഇതില്‍ 90 ശതമാനവും സമ്പര്‍ക്കമാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് മുഖ്യപ്രശ്‌നമായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് കൊവിഡ് സാഹചര്യം ബാധകമല്ലേ എന്ന് ചിലര്‍ ചോദിക്കും. ഇതിലും ന്യായമുണ്ട്. എന്നാല്‍ പല കക്ഷികളും കൊവിഡ് വ്യാപന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ദിവസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാകുമോയെന്ന് കമ്മീഷനോട് ചോദിക്കും. കമ്മീഷന്‍ ഉചിതമായ തീയ്യതി തീരുമാനിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി ജെ ജോസഫിന് എന്തുകൊണ്ട് സര്‍വകക്ഷി യോഗത്തിലേക്ക് വളിച്ചില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളതാണ് കേരള കോണ്‍ഗ്രസ് എം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. ഇതിനാലാണ് അവരെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിച്ചത്. പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെയാണെന്നാണ്‌
കരുതുന്നത്. അത് അല്ലെങ്കില്‍ അവരാണ് വ്യക്തമാക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പാര്‍ട്ടികളെ വിളിക്കാനെ സര്‍ക്കാറിന് കഴിയൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.