ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിയതില്‍ പ്രതികരിച്ച് ഡബ്ല്യൂ എച്ച് ഒ

Posted on: September 11, 2020 8:42 am | Last updated: September 11, 2020 at 5:42 pm

സൂറിച്ച് |  വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക്് അജ്ഞാതരോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്നുള്ള ബ്രിട്ടിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിയതില്‍ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. പരീക്ഷണത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടെന്ന് തിരിച്ചറിയാനുള്ള മുന്നറിയിപ്പ് മാത്രമാണിത്. ഗവേഷകരെ നിരുത്സാഹപ്പെടുത്തരുത്. ചിലപ്പോള്‍ ഇനിയും ഇത്തരത്തില്‍ തിരിച്ചടികള്‍ സംഭവിക്കാമെന്നും ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്. വാക്‌സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് രോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലടക്കം ഓക്‌സ്ഫര്‍ഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തിവെക്കുകയായിരുന്നു.