സുശാന്ത് വധം: റിയയുടേയും സഹോദരന്റേയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted on: September 11, 2020 7:56 am | Last updated: September 11, 2020 at 9:44 am

മുംബൈ | ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയും, സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് മുംബൈ പ്രത്യേക സെഷന്‍സ് കോടതി വിധി പറയും. അതിനിടെ ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങള്‍ പണമുണ്ടാക്കുന്നുവെന്ന മൊഴികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെയും സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയെയും മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷന്‍സ് കോടതിയെ സമീപിച്ചത്.

കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിയ ചക്രവര്‍ത്തി കോടതിയില്‍ വാദിച്ചു. പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ടായിരുന്നതെന്നും കുറ്റപ്പെടുത്തി. പ്രോസിക്യൂഷന്റെയും കൂടി വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷകളില്‍ ഇന്ന് വിധി പറയാന്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്.