കങ്കണ-ശിവസേന പോരില്‍ ഇടപെട്ട് ഗവര്‍ണര്‍; കെട്ടിടം പൊളിച്ചതില്‍ അതൃപ്തി അറിയിച്ചു

Posted on: September 10, 2020 7:02 pm | Last updated: September 11, 2020 at 7:59 am

മുംബൈ | നടി കങ്കണ റണാവതും ശിവസേനയും തമ്മിലുള്ള പോരില്‍ ഇടപെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊളിച്ചതില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഉപദേശകന്‍ അജോയ് മേത്തയെ വിളിച്ചു വരുത്തിയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. കങ്കണയുടെ ബാന്ദ്ര പാലി ഹില്ലിലെ ഓഫീസ് കെട്ടിടം പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് നല്‍കുമെന്നാണ് വിവരം. കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, ഇതിനു മുമ്പും തന്നെ കെട്ടിടത്തിന്റെ വലിയൊരു ഭാഗം പൊളിച്ചു കഴിഞ്ഞിരുന്നു.

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനാ നേതൃത്വവുമായി ഇടഞ്ഞ കങ്കണക്ക് കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഉറപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നടിക്കെതിരെ നടപടി തുടങ്ങിയത്. പാസാക്കി നല്‍കിയ പ്ലാനിന് അപ്പുറം നിര്‍മാണം നടത്തിയെന്നും പാര്‍പ്പിടകേന്ദ്രം എന്ന് രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ള കെട്ടിടം മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി രൂപമാറ്റം വരുത്തിയെന്നുമാണ് ആരോപണം.