ആന്റിജന്‍ ഫലം നെഗറ്റീവായാലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം: കേന്ദ്രം

Posted on: September 10, 2020 5:10 pm | Last updated: September 10, 2020 at 9:04 pm

ന്യൂഡല്‍ഹി | ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായാലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്ന പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വ്യാപനം തടയുന്നതിന്, പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഉപയോഗം സംസ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ആന്റിജന്‍ പരിശോധനയില്‍ ഉയര്‍ന്ന തോതില്‍ തെറ്റായ ഫലങ്ങള്‍ ലഭിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതിനിടെ, കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളും കൃത്യമായി പാലിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. കൊവിഡിനെ ആരും ചെറുതായി കാണരുത്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാന മന്ത്രി പറഞ്ഞു.