സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ആരംഭിച്ചു

Posted on: September 10, 2020 4:25 pm | Last updated: September 10, 2020 at 4:25 pm

എറണാകുളം | സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.

ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോയിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മാൾ പ്രവർത്തനമാരംഭിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നതെന്നും ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവില ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചു.  ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങൾക്കും സർക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.