കൊവിഡ്; വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടേക്കും, വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് മന്ത്രി ശൈലജ

Posted on: September 10, 2020 3:57 pm | Last updated: September 10, 2020 at 5:22 pm

തിരുവനന്തപുരം | കൊവിഡ് വിഷയത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കാനിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ കൊവിഡ് കേസുകളും മരണസംഖ്യയും ഉയരാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതോടെ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടും. ഇപ്പോള്‍ തന്നെ ലോകത്ത് വെന്റിലേറ്ററുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും മന്തി പറഞ്ഞു.

പരിശോധനക്കും ചികിത്സക്കുമെല്ലാമായി മികച്ച സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അസുഖം ബാധിച്ച് ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും
കോളനികളില്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.