മലയാള നാടിന് അപമാനം

Posted on: September 10, 2020 5:00 am | Last updated: September 10, 2020 at 12:16 pm

നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണിന്ന് കേരളീയ സമൂഹം. കൊവിഡ് രോഗികള്‍ക്ക് പോലും രക്ഷയില്ല സംസ്ഥാനത്തെ ഞരമ്പ് രോഗികളുടെ മുമ്പില്‍. കൊവിഡിന്റെ മറവില്‍ സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട രണ്ട് സംഭവങ്ങളാണ് സംസ്ഥാനത്ത് തുടരെത്തുടരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആറന്മുളയില്‍ നിന്ന് കൊവിഡ് കെയര്‍ സെന്ററിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ വെച്ച് ആംബുലന്‍സ് ഡ്രൈവറാണ് ഒരു സ്ത്രീയെ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ രോഗിയായ 20കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ രോഗി തനിക്ക് നേരിട്ട ദുരനുഭവം അധികൃതരെ അറിയിച്ചതോടെയാണ് പുറംലോകം വിവരം അറിയുന്നത്. ഈ ഡ്രൈവര്‍ നേരത്തേ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും വധശ്രമക്കേസ് പ്രതിയാണെന്നുമാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ വെളിപ്പെടുത്തല്‍.

തിരുവനന്തപുരം കല്ലറ പാങ്ങോട്ടാണ് മറ്റൊരു സംഭവം. ഇവിടെ ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്. കൊല്ലം കുളത്തൂപുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പ്രതി. മലപ്പുറം ജില്ലയില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന കൊല്ലം കല്ലറ പാങ്ങോട്ട് സ്വദേശിയായ 44കാരി മലപ്പുറത്തെ ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ വീട്ടില്‍ ക്വാറന്റൈനിലിരുന്നു. തുടര്‍ന്ന് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോള്‍ തന്റെ വീട്ടില്‍ വരാനും സര്‍ട്ടിഫിക്കറ്റ് അവിടെ നിന്ന് തരാമെന്നും അറിയിച്ചു. വീട്ടിലെത്തിയപ്പോള്‍ സ്ത്രീയെ അയാള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവത്രെ. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ ഇവരെ പിറ്റേന്ന് കാലത്താണ് അയാള്‍ വിട്ടയച്ചത്. അതിനിടെ പല തവണ പീഡനത്തിനിരയാക്കിയത്രെ. വാടക വീട്ടില്‍ ഒറ്റക്കാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ താമസം.

കൊവിഡ് 19 മഹാമാരിയില്‍ നിന്ന് സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാർ വൃത്തങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്യുകയാണ്. രാവിനെ പകലാക്കി ഊണും ഉറക്കവുമില്ലാതെ ജോലിയെടുക്കുന്ന നിരവധി ആരോഗ്യ പ്രവര്‍ത്തകരുണ്ട് ഈ രംഗത്ത്. ഇവര്‍ക്കൊക്കെയും ചീത്തപ്പേരുണ്ടാക്കുന്നതാണ് രണ്ട് സംഭവങ്ങളും. ആറന്മുള പീഡനത്തിനു ശേഷം പോസിറ്റീവ് കേസുകള്‍ എടുക്കാന്‍ പോയ പല ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പൊതുസമൂഹത്തില്‍ നിന്ന് മോശം കമന്റുകളും ശകാരങ്ങളും കേള്‍ക്കേണ്ടി വന്നതായും ക്രിമിനലെന്ന മട്ടിലാണ് പലരും തങ്ങളെ നോക്കിക്കാണുന്നതെന്നും ഡ്രൈവര്‍മാര്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയുണ്ടായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനമനുഷ്ഠിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍. നാടും വീടും താത്കാലികമായി ഉപേക്ഷിച്ചാണ് ഇവരില്‍ ഏറെയും കൊവിഡ് രോഗികളെ സേവിക്കുന്നത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ ചെയ്ത തെറ്റിന് തങ്ങളെയൊന്നടങ്കം തെറ്റുകാരായി മുദ്രയടിക്കരുതെന്ന് സമൂഹത്തോട് അവര്‍ അപേക്ഷിക്കുകയും ചെയ്യുന്നു.

ALSO READ  പി എസ് സി: മാറ്റം സ്വാഗതാര്‍ഹം

സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ട് ഈ സംഭവത്തില്‍. ഈ കേസിലെ പ്രതി നേരത്തേ തന്നെ ഒരു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളായിരിക്കെ എങ്ങനെ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ഒരു ആംബുലന്‍സില്‍ ഡ്രൈവറായി നിയമിതനായി? നിയമന സമയത്ത് എന്തുകൊണ്ട് അയാളുടെ ജീവിത പശ്ചാത്തലവും ബാക്ക്ഗ്രൗണ്ടും അന്വേഷിച്ചില്ല? സംഭവം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ ജീവിത പശ്ചാത്തലം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും എല്ലാ 108 ആംബുലന്‍സ് ഡ്രൈവര്‍മാരോടും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കരുതല്‍ നടപടി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ആറന്മുളയിലെ ദുഃഖകരമായ സംഭവം ഒഴിവാക്കാമായിരുന്നു. നല്ല പ്രവൃത്തിപരിചയമുള്ളവരെയാണ് തങ്ങള്‍ ആംബുലന്‍സില്‍ നിയമിക്കാറുള്ളതെന്നും 2014-15ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ മികച്ച സേവനം നടത്തിയ പരിചയം കണക്കിലെടുത്താണ് പ്രതിയെ ജോലിക്കെടുത്തതെന്നുമാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി വി കെയുടെ ഇത് സംബന്ധിച്ച വിശദീകരണം. അതിനിടെ, 108 ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വേറെയുമുണ്ടെന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

കൊവിഡ് രോഗികളെ വീട്ടില്‍ നിന്ന് ആംബുലന്‍സിലേക്ക് കയറ്റുന്നത് മുതല്‍ അവര്‍ സര്‍ക്കാറിന്റെ സംരക്ഷണത്തിലാണ്. അവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണ് ആറന്മുളയിലെ സംഭവത്തിലൂടെ പ്രകടമാകുന്നത്. രാത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകയോ ബന്ധുക്കളോ കൂടെയില്ലാതെ ഒരു സ്ത്രീയെ തനിച്ച് അപരിചിതനായ ഡ്രൈവറുടെ കൂടെ ആശുപത്രിയിലേക്കോ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ അയക്കുന്ന സ്ഥിതിവിശേഷം ഇനിയുണ്ടാകരുത്. സാധാരണ ഗതിയില്‍ ഇത്തരം സംഭവങ്ങളില്‍ പ്രതിക്കെതിരെ കേസെടുത്തു കഴിഞ്ഞാല്‍ പിന്നെ നിയമ നടപടികള്‍ ഒച്ചിന്റെ വേഗത്തിലാണ് നീങ്ങാറുള്ളത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പ്രശ്‌നത്തിലിടപെടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനോടാവശ്യപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിയുടെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തെ ആശ്രയിച്ചിരിക്കും സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ തുടര്‍ നടപടികള്‍. പ്രതികള്‍ സ്വാധീനങ്ങളുടെ ബലത്തില്‍ രക്ഷപ്പെടുകയാണ് പലപ്പോഴും പതിവ്. ആംബുലന്‍സ് പീഡന കേസിലെ ഇര പട്ടികജാതി വര്‍ഗക്കാരിയായ സാഹചര്യത്തില്‍ വിശേഷിച്ചും അതിന് സാധ്യതയുണ്ട്. ഈ കേസില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പീഡനത്തിനിരകളായ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിലും സജീവ ശ്രദ്ധ ആവശ്യമാണ്.