Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം സംഘം കേരളത്തിന് പുറത്തേക്ക്

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി ഐ ജി. ഹര്‍ഷിത അട്ടല്ലൂരി വിലയിരുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് ഇന്ന് രാവിലെ എത്തിയ ഐ ജി ജില്ലാ പോലീസ് മേധാവി കെ ജി സൈമണുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഐ ജി തൃപ്തി പ്രകടിപ്പിച്ചു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചനയോ ആസൂത്രണമോ നടന്നിട്ടുണ്ടോ, പണം മാറ്റിയിട്ടുള്ളത് എവിടെയൊക്കെയാണ് തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി ഊര്‍ജിതമായ അന്വേഷണം ഉറപ്പാക്കാന്‍ ഐ ജി നിര്‍ദേശം നല്‍കിയതായി ക ജി സൈമണ്‍ പറഞ്ഞു. സാമ്പത്തിക തിരിമറികളും മറ്റും നടത്താന്‍ പ്രതികള്‍ക്ക് പ്രൊഫഷണലുകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

തെളിവെടുപ്പിനായി പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരു സംഘത്തെ തിരുവനന്തപുരത്തേക്ക് അയച്ചു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സംഘം തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തിരുവനന്തപുരത്തേക്ക് പോയ പോലീസ് സംഘത്തിന് ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാറും, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള സംഘത്തിന് കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷുമാണ് നേതൃത്വം നല്‍കുന്നത്.

പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ കഴിഞ്ഞ ദിവസം വാകയാറിലുള്ള ഉടമയുടെ വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. രാവിലെ എട്ടരക്ക് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെ തുടര്‍ന്നു. ജില്ലാ സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെയായിരുന്നു പരിശോധനയും തെളിവെടുപ്പും.