Connect with us

Kannur

കാലിക്കറ്റ് സർവകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എ എന്‍ പി ഉമ്മര്‍കുട്ടി അന്തരിച്ചു

Published

|

Last Updated

തലശ്ശേരി |  കാലിക്കറ്റ് സർവകലാശാല മുന്‍ വൈസ് ചാന്‍സിലറും, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സിറാജ് ദിനപത്രം മുൻ ചീഫ് എഡിറ്ററും ആയിരുന്ന ഡോ.എ എന്‍ പി ഉമ്മര്‍കുട്ടി അന്തരിച്ചു. . ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു. തലശ്ശേരി ചക്യത് മുക്കിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം. 87 വയസ്സായിരുന്നു. ഖബറടക്കം ളുഹ്ർ നിസ്കാര ശേഷം തലശ്ശേരി തലായ് സേട്ടു പള്ളി ഖബര്‍സ്ഥാനില്‍.

തലശ്ശേരിയുടെ അഭിമാനങ്ങളിലൊന്നായിരുന്ന ഡോ. എ എൻ പി ഉമ്മർകുട്ടി പ്രതിഭാധനനായ ഒരു വിസ്മയ വ്യക്തിത്വമായിരുന്നു.  അധികമാരും കടന്നുചെല്ലാത്ത ജൈവ – സമുദ്രശാസ്ത്ര ഗവേഷണ മേഖലയില്‍ തന്റേതായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുമായിരുന്നു. നിരവധി പുസ്തകങ്ങളുടെയും സമുദ്രശാസ്ത്ര വിഷയങ്ങളില്‍  മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളുടെയും കര്‍ത്താവായ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
1933  ഡിസംബറില്‍ തലശ്ശേരിയിലാണ് ജനനം. ബി ഇ എം പി ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. മറൈന്‍ ബയോളജിയില്‍ ഡോക്ടറേറ്റ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ട് മണ്ഡപം തമിഴ്‌നാട്, ഓഷ്യാനോഗ്രഫിക് ലബോറട്ടറി എറണാകുളം, ഗോവ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ കൊച്ചി കേന്ദ്രം, കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
1968 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രകൃതി ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍. 1975-1991 കാലത്ത് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍. 1992-96 കാലത്ത് കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സലര്‍. യു.ജി.സി റിവ്യു കമ്മിറ്റി ചെയര്‍മാന്‍, വി.സി. നിയമന പാനലിലെ യു.ജി.സി നോമിനി, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി വിദഗ്ധ സമിതി, കേരള -എം.ജി യൂനിവേഴ്‌സിറ്റി അക്കാദമി കൗണ്‍സില്‍, മുഖ്യമന്ത്രി ചെയര്‍മാനായുള്ള ഔദ്യോഗിക ഭാഷാ സമിതി, സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായ സാംസ്‌കാരിക ഉപദേശക സമിതി, ഗ്രന്ഥശാലാ സംഘം ഭരണ സമിതി, പബ്ലിക് ലൈബ്രറി കമ്മിറ്റി തുടങ്ങിയവയില്‍ അംഗം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിജ്ഞാന കൈരളി മാസിക ചീഫ് എഡിറ്റര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു.
കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, പരിണാമം, കോണ്‍തികി പര്യടനം, കടലിന്റെ കഥ, ശാസ്ത്ര സ്വാധീനം മലയാളത്തില്‍, സയന്‍സ് ഓഫ് ഓഷ്യന്‍സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഓഷ്യാനോഗ്രഫി തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. സയന്‍സ് ഓഫ് ഓഷ്യന്‍സ് ആറ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അബുല്‍ കലാം ആസാദ് രചിച്ച തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഫാതിഹ അധ്യായത്തിന്റെ വ്യാഖ്യാനം,  അല്ലാമാ ഇഖ്ബാലിന്റെ മത ചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍, ലാരി കോളിന്‍സും ഡോമനിക് ലാപിയറും ചേര്‍ന്ന് എഴുതിയ മൗണ്ട് ബാറ്റണും ഇന്ത്യാ വിഭജനവും, മുന്‍ ഉപരാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായ ഹിദായത്തുല്ലയുടെ ആത്മകഥ മൈ ഓണ്‍ ബോസ്‌വെല്‍,  മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ശ്രീരാജ് മോഹന്‍ ഗാന്ധിയുടെ ഡിസ്‌കവറിങ്ങ് മുസ്‌ലിം മൈന്‍ഡ്, ഇന്ത്യയിലെ ആദ്യ മുസ്‌ലിം ഹോം സെക്രട്ടറി എച്ച് എം.എസ് ബര്‍ണിയുടെ പാട്രിയോട്ടിസം ഓഫ് ഇഖ്ബാല്‍ തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. കടലിന്റെ കഥക്ക് കേരള ഗവണ്‍മെന്റിന്റെയും കടലിനെ കണ്ടെത്തലിന് സാഹിത്യ അക്കാദമിയുടെയും ക്യാഷ് അവാര്‍ഡും  കടലിന്റെ കഥക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest