എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊല: പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്

Posted on: September 8, 2020 10:40 pm | Last updated: September 8, 2020 at 10:40 pm

കണ്ണൂര്‍ | എസ്ഡിപിഐ പ്രവര്‍ത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ വൈകിട്ട് വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് പടിക്കച്ചാലില്‍ നടത്തിയ പ്രകടനത്തിന് നേരെ ബോംബേറ്. ബോംബേറില്‍ ഒരാള്‍ക്ക് പരുക്കറ്റതായി പൊലീസ് സ്ഥിരീകരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് എസ്ഡിപിഐ ആരോപിച്ചു.
2018 ജനുവരിയില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് ഇന്ന് കൊല്ലപ്പെട്ട സ്വലാഹുദ്ദീന്‍. വൈകിട്ടോടെ, കാറില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം സ്വലാഹുദ്ദീനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ഇന്ന് വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വച്ചാണ് സംഭവം. സഹോദരിമാരോടൊപ്പം സലാഹുദ്ദീന്‍ കാറില്‍ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകള്‍ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്.