ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്: എം സി കമറുദ്ദീന്‍ എം എല്‍ എയുടെ വീട്ടില്‍ റെയ്ഡ്; നിരവധി രേഖകള്‍ കണ്ടെടുത്തു

Posted on: September 8, 2020 9:39 pm | Last updated: September 8, 2020 at 10:25 pm

തൃക്കരിപ്പൂര്‍ | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ കോടികള്‍ പിരിച്ചെടുത്ത് നിക്ഷേപകരെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന്‍ എം എല്‍ എ, ചന്തേരയിലെ ടി കെ പൂകോയ തങ്ങള്‍ എന്നിവരുടെ വീടുകളില്‍പോലീസ് റെയ്ഡ് നടത്തി.രണ്ടു വീടുകളില്‍ നിന്നുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് കമറുദ്ദീന്റെ ഇടച്ചാക്കൈയിലെ വീട് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടറായ ടി കെ പൂക്കോയ തങ്ങളുടെ വീട്ടിലും പരിശോധ നടത്തി.

സംഭവ സമയം ഇരുവരും സ്ഥലത്തുണ്ടായിരുന്നില്ല. കമ്പനിയുടെ രജിസ്‌ട്രേഷന്‍, നിക്ഷേപകരുടെ പേര് വിവരങ്ങള്‍, സ്വര്‍ണ്ണം വിറ്റ വിവരങ്ങള്‍, വില്‍പന നടത്തിയ ഭൂമിയുടേയും കെട്ടിടങ്ങളുടേയും രേഖകളുടെ പകര്‍പ്പ് തുടങ്ങിയ രേഖകളാണ് കണ്ടെത്തിയത്. രണ്ട് വസതികളിലുമായി മൂന്ന് മണിക്കൂറോളം റെയ്ഡ് നീണ്ടു. ചന്തേര സ്റ്റേഷനില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഏഴ് കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി സതീശന്‍ ആലക്കന്‍ ചന്തേരയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ കൂടുതല്‍ പേര്‍ പരാതികളുമായെത്തി. അഞ്ച് കേസുകള്‍ കാസര്‍ക്കോട് സ്റ്റേഷനിലും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു വണ്ടി ചെക്ക് കേസും സിവില്‍ കേസും ഉള്‍പ്പെടെ 18 കേസുകളാണ് എം എല്‍ എ ക്കെതിരെയുള്ളത്.ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ എം എല്‍ എ നിക്ഷേപം സ്വീകരിച്ചത് ചട്ടവിരുദ്ധമായണെന്നും അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് തന്നെ കടക്കെണിയിലായ സ്ഥാപനത്തിന്റെ പേരില്‍ കോടികളാണ് ഇരുവരും പിരിച്ചത്. 2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ ജ്വല്ലറി തുടങ്ങിയത്.

പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്,ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്,
നുജൂം ഗോള്‍ഡ് എന്നീ നാല് കമ്പനികളായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റര്‍ ചെയ്തു. ഒരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റ് വരവും ബാക്കിയുള്ള ആസ്തിയുടെ വിവരം പുതിയ നിക്ഷേപകരുടെ പേര് വിവരങ്ങള്‍ എന്നിവ റിട്ടേണായി ആര്‍ ഒ സി യില്‍ സമര്‍പ്പിക്കണം. 2017 മുതല്‍ ഇങ്ങോട്ട് ഇത്തരത്തിലുള്ള ഒരു വിവരങ്ങളും ആര്‍ ഒ സി മുമ്പാകെ ഫയല്‍ ചെയ്തിട്ടില്ല.കമ്പനി നിയമങ്ങള്‍ക്കു വിധേയമായാരുന്നില്ല നിക്ഷേപം സ്വീകരിച്ചിരുന്നത്. പണം നല്‍കിയ ചിലര്‍ക്ക് വ്യത്യസ്തമായ കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാര്‍ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്. ഒരോ നിക്ഷേപം സ്വീകരിക്കുമ്പോളും അധഇകൃതരുടെ അനുമതി വാങ്ങണമെന്ന നിബന്ധനകളും പാലിച്ചില്ല. 50 രൂപയുടെ മുദ പത്രത്തില്‍ പണം തിരികെ ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം സ്വരൂപിച്ചത്. മൂന്ന് ബ്രാഞ്ചുകളുടെ പേരില്‍ നിന്നും 132 കോടി രൂപയാണ് നിയമ വിരുദ്ധമായി സമാഹരിച്ചത്