ഡല്‍ഹിയില്‍ കാര്‍ ഡ്രൈവറെ കൊല്ലുന്നതിന് മുമ്പ് ‘ജയ് ശ്രീ റാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍

Posted on: September 8, 2020 8:03 pm | Last updated: September 8, 2020 at 10:00 pm

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഡ്രൈവറെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍. കൊല്ലുന്നതിന് മുമ്പ് ഡ്രൈവറോട് ‘ജയ് ശ്രീ റാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ കയറ്റിയ യാത്രക്കാരാണ് ഡ്രൈവര്‍ അഫ്താബ് അമലിനെ കൊന്നത്.

ഞായറാഴ്ച യു പിയിലെ ബുലന്ദ്ശഹറിലേക്ക് ഓട്ടം പോയതായിരുന്നു അഫ്താബ്. ഡല്‍ഹിയില്‍ നിന്ന് 57 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലാണ് അഫ്താബിനെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ വര്‍ഗീയ പ്രശ്‌നം ഇല്ലെന്ന നിലപാടിലാണ് പോലീസ്.

ഒരു യാത്രക്കാരനെ ഇറക്കാനാണ് ബുലന്ദ്ശഹറിലേക്ക് പോയത്. തിരിച്ചുവരുന്ന വഴി മൂന്ന് പേരെ കയറ്റി. ഡ്രൈവിംഗിനിടയില്‍ അഫ്താബ് മകനെ ഫോണില്‍ വിളിച്ചു. സംശയം തോന്നിയ മകന്‍ സാബിര്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു.

7- 8 മിനുട്ട് ആണ് ഫോണ്‍ വിളി നീണ്ടത്. ഇതിനിടയില്‍ യാത്രക്കാര്‍ പിതാവിനോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടതായി കേട്ടുവെന്ന് സാബിര്‍ പറഞ്ഞു. സംഘത്തിന്റെ ഭീഷണിക്ക് മുമ്പില്‍ അങ്ങനെ വിളിക്കുകയും ചെയ്തു അഫ്താബ്. തുടര്‍ന്ന് പിതാവിനെ സംഘം കൊല്ലുകയായിരുന്നുവെന്നാണ് സാബിര്‍ പറയുന്നത്.

കാറില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. കാറിനാണെങ്കില്‍ കേടുപാടുമില്ല. അഫ്താബിന്റെ പഴ്‌സും സുരക്ഷിതമായിരുന്നു. യാത്രാകൂലി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

ALSO READ  ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ 80,000 കടന്നു; മഹാരാഷ്ട്ര 1.6 ലക്ഷത്തിലേക്ക്, 78,000 കവിഞ്ഞ് തമിഴ്‌നാട്