തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

Posted on: September 8, 2020 5:50 pm | Last updated: September 8, 2020 at 5:50 pm

ഹൈദരാബാദ്| തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ വസതിയിലായിരുന്നു അന്ത്യം. ആന്ധ്രാ പൊലീസിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജയപ്രകാശ് 1988ലാണ് ആദ്യ സിനിമയിൽ അഭിനയിക്കുന്നത്.

വെങ്കടേശിന്റെ ബ്രഹ്മ പുത്രുഡുവിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ 10 വർഷത്തിന് ശേഷം 1999ൽ നന്ദമുരി ബാലകൃഷ്ണയുടെ ചിത്രത്തിലൂടെയാണ് മികച്ച ഒരു ബ്രേക്ക് ലഭിക്കുന്നത്. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003 ൽ ഇറങ്ങിയ കബഡി കബഡി എന്ന സിനിമയിലെ രായലസീമ ശൈലിയിലുള്ള സംസാരം അദ്ദേഹത്തെ വെള്ളിത്തിരയിൽ കൂടുതൽ തിരക്കുള്ള നടനാക്കി. മഹേഷ് ബാബുവിന്റെ സരിലേരു നീക്കേവാറിൽ പ്രകാശ് രാജിന്റെ പിതാവായാണ് റെഡ്ഡി അവസാനമായി അഭിനയിച്ചത്.

മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയപ്രകാശ് റെഡ്ഡിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. സിനിമാ താരങ്ങളായ മഹേഷ് ബാബു, എൻ ടി ആർ, ജനീലിയ ദേശ്മുഖ്, രവി തേജ, ചിരഞ്ജീവി, വെങ്കടേഷ്, രാകുൽ പ്രീത് സിംഗ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചു.

ഭാര്യ: രാധ, മക്കൾ, നിരഞ്ജയൻ, ദുഷ്യന്ത്.