വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Posted on: September 8, 2020 9:58 am | Last updated: September 8, 2020 at 12:40 pm

പത്തനംതിട്ട | നഗരസഭാ പരിധിയിലെ കുമ്പഴയില്‍ വയോധികയെ സഹായിയുടെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ പഴയ ഇന്‍ഡസ് മോട്ടേഴ്സിന് സമീപം താമസിക്കുന്ന ജാനകിയമ്മ (92) ആണ് കൊല്ലപ്പെട്ടത്. പ്രതി തമിഴ്‌നാട് സ്വദേശി മയില്‍സ്വാമി (62) പോലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം. കൃത്യം നടത്തിയതിന് ശേഷം മയില്‍ സ്വാമി ജാനകിയുടെ ബന്ധുവിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

ബന്ധുവില്‍ നിന്ന് വിവരം ലഭിച്ച പോലീസ് എട്ടു മണിയോടെ വീട്ടിലെത്തി. ഈ സമയം വീട് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് വിളിച്ചപ്പോള്‍ മയില്‍ സ്വാമി കതക് തുറന്ന് പുറത്തേക്ക് വന്നു. തനിക്ക് ജയിലില്‍ പോകുന്നതിന് വേണ്ടിയാണ് കൊല ചെയ്തത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മയില്‍സ്വാമിയുടെ ബന്ധുവായ ഭൂപതി എന്ന സ്ത്രീയായിരുന്നു ജാനകിയമ്മയുടെ സഹായി. ജാനകിയമ്മക്ക് മൂന്നു മുന്നു മക്കളാണുള്ളത്. അവര്‍ വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. ഭൂപതിയുമായുള്ള അടുപ്പം മൂലമാണ് മയില്‍സ്വാമിയെയും ഇവിടെ താമസിപ്പിച്ചത്. നാലു വര്‍ഷമായി ഇയാള്‍ ഇവര്‍ക്കൊപ്പം താമസിക്കുകയാണ്.

മൂന്നു പേജ് വരുന്ന കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് മയില്‍സ്വാമി കൃത്യം നടത്തിയത്. ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും നടക്കാതെ വന്നപ്പോള്‍ ജീവനൊടുക്കാന്‍ എലിവിഷം കഴിച്ചുവെന്നും മയില്‍സ്വാമി പോലീസിനോട് പറഞ്ഞു. വിഷം കഴിച്ചിട്ടും മരിക്കാതായപ്പോള്‍ ജയിലില്‍ പോയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.