Connect with us

Editorial

വാരിയംകുന്നന്‍ വിരോധത്തിന് പിന്നില്‍

Published

|

Last Updated

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെട്ടിയവര്‍ സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നനെയും വെട്ടിയിരിക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പും ഐ സി എച്ച് ആറും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളെക്കുറിച്ചുള്ള പുസ്തകത്തില്‍ നിന്നാണ് മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച് രക്തസാക്ഷിയായ, ബ്രിട്ടീഷ് ഇന്ത്യയെ വിറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്‌ലിയാരെയും നീക്കം ചെയ്തത്. “ഡിക്്ഷനറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍” എന്ന് പേരിട്ട ഈ പ്രസിദ്ധീകരണത്തിന്റെ അഞ്ചാം ഭാഗത്തിലായിരുന്നു ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ വിവരിക്കുന്ന ആ ഭാഗം തന്നെ എടുത്തു കളയുകയായിരുന്നു സര്‍ക്കാര്‍.

വാരിയംകുന്നന്റെ പോരാട്ടങ്ങള്‍ക്ക് ചരിത്ര രേഖകളുടെ പിന്‍ബലമില്ലെന്നും പുസ്തക വില്‍പ്പനയെ ബാധിക്കുമെന്നതിനാലാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതെന്നുമാണ് ഐ സി എച്ച് ആറിന്റെ വിശദീകരണമെങ്കിലും സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദമാണ് ഈ നടപടിക്ക് പിന്നില്‍. വാരിയംകുന്നന്റെ നേതൃത്വത്തില്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യ സമരമായിരുന്നില്ലെന്നും തുര്‍ക്കിയിലെ ഖലീഫക്കു വേണ്ടിയുള്ള മാപ്പിള ലഹളയായിരുന്നുവെന്നുമാണ് സംഘികളുടെ നുണപ്രചാരണം. ഇസ്‌ലാമിക ഭരണ സംസ്ഥാപനമായിരുന്നുവത്രെ വാരിയംകുന്നനും സംഘവും ലക്ഷ്യം വെച്ചിരുന്നത്. ഇവരെ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭാഗം പുസ്തകത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദിയുള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വാരിയംകുന്നന്റെ ജീവിതം പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്ന വിവരം പുറത്തു വന്നപ്പോള്‍ അതിനെതിരെയും ശക്തമായി രംഗത്തു വന്നിരുന്നു ഇവര്‍.

യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സമരത്തിലെ അത്യുജ്വല അധ്യായമായിരുന്നു വാരിയംകുന്നന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടമെന്ന് സത്യസന്ധരായ ചരിത്രകാരന്മാരെല്ലാം വിലയിരുത്തുന്നുണ്ട്. സ്വാതന്ത്ര്യ സമര സേനാ നായകരായിരുന്ന കേളപ്പന്‍, മാധവന്‍ നായര്‍ തുടങ്ങിയവരെല്ലാം ദേശീയ സമരത്തിന്റെ ഭാഗമായാണ് ഇതിനെ കണ്ടത്. വാരിയംകുന്നന്റെ സേനയില്‍ നാലിലൊന്നും ദളിതരും ഇസ്‌ലാമേതര വിഭാഗക്കാരുമായിരുന്നു. പാണ്ടിക്കാട്ട് ഭാഗത്ത് നാരായണന്‍ നമ്പീശനായിരുന്നു അദ്ദേഹത്തിന്റെ സേനാ നായകന്‍. മുഴികുളത്ത് ബ്രഹ്മദത്തന്‍ ഈ പോരാട്ടത്തില്‍ വാരിയംകുന്നനൊപ്പമുണ്ടായിരുന്നു. മേലാറ്റൂരിലെ നായര്‍ ജന്മിമാര്‍ ഈ സമരത്തോട് അനുഭാവം പുലര്‍ത്തിയവരായിരുന്നു. ഹൈന്ദവ സമൂഹത്തോടായിരുന്നില്ല, ബ്രിട്ടീഷ് ഭരണാധികാരികളോടും ജന്മി നാടുവാഴിത്വത്തിന്റെ ക്രൂരമായ സാമൂഹിക അനീതിയോടുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. മുസ്‌ലിം, ഹിന്ദു വ്യത്യാസമില്ലാതെ സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഇതില്‍ ഒരുമിച്ചുനിന്നതാണ് ചരിത്രം. മലബാറില്‍ വാരിയംകുന്നന്‍ സ്ഥാപിച്ച സ്വതന്ത്ര രാജ്യത്തിന് നല്‍കിയ പേര് മാപ്പിളസ്ഥാന്‍ എന്നായിരുന്നില്ല, “മലയാള രാജ്യം” എന്നായിരുന്നു. സമരക്കാര്‍ക്കെതിരുനിന്ന ആനക്കയത്തെ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷമാണ് വാരിയംകുന്നന്‍ ഈ സമരത്തിലേക്കെടുത്തു ചാടുന്നത് തന്നെ. തുടര്‍ന്ന് അദ്ദേഹം നടത്തിയ സമര പ്രഖ്യാപനം ശ്രദ്ധേയമാണ്.

“നമുക്ക് ഹിന്ദുക്കളോട് പകയില്ല. അവരും നമ്മുടെ നാട്ടുകാരാണ്. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ സഹായിക്കുകയോ ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും- ഹിന്ദുവായാലും മുസ്‌ലിമായാലും- നിര്‍ദയമായി നാമവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്യുന്നവരെയും ശിക്ഷിക്കും. ഹൈന്ദവരും നമ്മെപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭാഗം ചേരും. അത് നമ്മുടെ തോല്‍വിക്ക് കാരണമാകും””. വാരിയംകുന്നന്റെ ഈ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ് അദ്ദേഹം നേതൃത്വം നല്‍കിയ പോരാട്ടത്തിന്റെ രാഷ്ട്രീയമാനവും രീതിശാസ്ത്രവും. ചേക്കുട്ടിക്ക് പുറമെ കൊണ്ടോട്ടി തങ്ങന്മാര്‍ ഉള്‍പ്പെടെ നിരവധി മുസ്‌ലിംകളും വാരിയംകുന്നന്റെ എതിര്‍പ്പിനും ശിക്ഷക്കും വിധേയമായിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തില്‍ വംശീയ പക്ഷപാതിത്വം ആരോപിക്കുന്നവര്‍ കാണാതെ പോകരുത്.

മലബാറില്‍ വാരിയംകുന്നനും അനുചരന്മാരും വിമോചന സമരത്തിന്റെ വീരകഥകള്‍ രചിക്കുമ്പോള്‍, അവരെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ നടത്തുകയും ചെയ്തവരുടെ പിന്‍ഗാമികളാണ് ഇന്നദ്ദേഹത്തെ തള്ളിപ്പറയുന്നവര്‍. ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ള മതനിരപേക്ഷ രാഷ്ട്രീയ നേതൃത്വത്തെയും അവരുടെ രാഷ്ട്ര സങ്കല്‍പ്പത്തെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഇവര്‍ വാരിയംകുന്നനെ ദേശീയ സമര നായകനായി അംഗീകരിച്ചാലേ അത്ഭുതമുള്ളൂ. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് അരികുചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് അധിനിവേശ കാലത്ത് തുടക്കം മുതലേ സംഘ്പരിവാറിന്റെ മുന്‍ഗാമികള്‍ സ്വീകരിച്ചിരുന്നത്. രാഷ്ട്രമെന്നത് രചനാത്മകമായ ഒന്നാണെന്നും ഏതെങ്കിലും ഒന്നിനോടുള്ള വിരോധത്തെ ആശ്രയിക്കുന്നതല്ല അതെന്നുമുള്ള സിദ്ധാന്തം ചമച്ചു കൊണ്ടാണ് ആര്‍ എസ് എസ് സ്ഥാപകനായ ഹെഡ്്ഗേവാര്‍ തന്റെ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയത് തന്നെ. സ്വാതന്ത്ര്യ സമര ചരിത്രം ഉടനീളം പരതിയാലും അതിലെവിടെയും ഹിന്ദുത്വവാദികളുടെയോ ആര്‍ എസ് എസ് നേതാക്കളുടെയോ ചെറിയൊരു പങ്ക് പോലും കാണാനാകില്ല. ഇതുകൊണ്ടാണ് അവര്‍ നിലവിലുള്ള ദേശീയ പോരാട്ട ചരിത്രങ്ങളെ തള്ളിപ്പറയുന്നതും തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നതും. ഇത് ചരിത്രത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. അതേസമയം ഹിന്ദുത്വ വര്‍ഗീയ വക്താക്കള്‍ തങ്ങളുടെ അധീനതയിലുള്ള പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തത് കൊണ്ട് മാത്രം ദേശീയ സമരത്തില്‍ വാരിയംകുന്നന്റെ സമാനതകളില്ലാത്ത പങ്കിനെയോ ദേശസ്‌നേഹികളുടെ മനങ്ങളില്‍ അദ്ദേഹത്തിനുള്ള സ്ഥാനത്തെയോ ഇല്ലാതാക്കാനാകില്ല. ഇന്ന് വാരിയംകുന്നനെ വെട്ടിയവരുടെ മുന്‍ഗാമിയായിരുന്നല്ലോ ഗാന്ധിയെ വെടിവെച്ചു കൊന്നത്. എന്നിട്ടും ഇന്നും ഗാന്ധിജി ജനമനസ്സുകളില്‍ ജീവിച്ചിരിക്കുന്നു.