അനില്‍ അക്കര എം എല്‍ എ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: മന്ത്രി മൊയ്തീന്‍

Posted on: September 7, 2020 12:46 pm | Last updated: September 7, 2020 at 12:47 pm

തൃശൂര്‍ | വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം എല്‍ എ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. സ്വന്തം മണ്ഡലത്തില്‍ ഒന്നു ചെയ്യാത്ത എം എല്‍ എ അത് മറച്ചുവക്കാന്‍ നട്ടാല്‍ കുരുക്കാത്ത നുണ പറയുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണം മാത്രമാണിത്. ഒരു ഉളുപ്പുമില്ലാത്തവര്‍ക്ക് എന്തും പറയാം. സന്നദ്ധ സംഘടനകളും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളുമെല്ലാം ഭാഗഭാക്കായ ലൈഫ് മിഷന്‍ പദ്ധതി ഒരു ജനകീയ പദ്ധതിയാണ്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇങ്ങനെയൊരു പദ്ധതിയേ ഇല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വീട് പണി പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അത് പൂര്‍ത്തികരിക്കുന്നതാണ് ഒന്നാം ഘട്ടം. ഇത് 96.5 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഭൂമി ഉള്ളവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുന്നതാണ് രണ്ടാം ഘട്ടം. ഭൂമിയില്ലാത്ത ഭവനരഹിതരുമായി ബന്ധപ്പെട്ടതാണ് മൂന്നാം ഘട്ടത്തില്‍ വരുന്നത്. ആദ്യപടിയായി ഇടുക്കിയിലെ അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കി.
41 സ്ഥലങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഈയാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. അത്തരത്തില്‍ ടെന്‍ഡര്‍ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരി. സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ അതിന്റെ എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.