ആംബുലന്‍സിലെ പീഡനം; പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും

Posted on: September 7, 2020 7:42 am | Last updated: September 7, 2020 at 10:36 am

ആലപ്പുഴ | കൊവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. അടൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. ഇന്നലെ നൗഫലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇയാളുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും കൊട്ടാരക്കര ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അടൂര്‍ വടക്കേടത്ത്കാവില്‍ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് പോയതായിരുന്നു ആംബുലന്‍സ്. പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സാ കേന്ദ്രത്തിലും കൂടെയുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും എത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഡ്രൈവര്‍ നൗഫല്‍ അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയില്‍ 42 കാരിയെ കൊണ്ടുപോയി ഇറക്കി. ഇതിനു ശേഷമാണ് അവിടെ നിന്ന് പെണ്‍കുട്ടിയെ തിരിച്ച് പന്തളത്തേക്ക് കൊണ്ടുവരികയായിരുന്നു. വഴിയില്‍ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടാണ് നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫല്‍ ആംബുലന്‍സുമായി കടന്നു കളയുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പോലീസ് അടൂരില്‍ നിന്ന് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.