Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി മുന്നണികൾ

Published

|

Last Updated

തിരുവനന്തപുരം | കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും സംബന്ധിച്ച ചർച്ചകൾ സജീവമാക്കി മുന്നണികൾ. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും അവകാശ വാദമുന്നയിച്ചതോടെ കുട്ടനാട് സീറ്റിനെ ചൊല്ലി തർക്കം രൂക്ഷമാവുകയാണ്. കേരള കോൺഗ്രസിന്റെ സീറ്റായ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ് പക്ഷവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ, യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നും കുട്ടനാട്ടിൽ മത്സരിക്കുമെന്നും ജോസ് കെ മാണിയും നിലപാടെടുത്തത് യു ഡി എഫിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
കുട്ടനാട്ടിൽ യു ഡി എഫിന് വേണ്ടി തങ്ങളുടെ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നും ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് നിയമ വിരുദ്ധമാണ്. ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അവസാന വാക്കല്ലെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിപ്പ് ലംഘന പരാതിയിൽ നിയമസഭാ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ എന്നും ജോസഫ് വ്യക്തമാക്കി. മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച സാഹചര്യത്തിൽ യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നാണ് ജോസ് കെ മാണിയുടെ അവകാശ വാദം. ഔദ്യോഗികമായി കേരള കോൺഗ്രസ് (എം) തങ്ങളാണെന്നും പാർട്ടിയിൽ നിന്ന് വിഘടിച്ചു നിൽക്കുന്നവർ മടങ്ങിവരണമെന്നും ജോസ് പറഞ്ഞു. ഇന്ന് കോട്ടയത്ത് ജോസ് കെ മാണി വിഭാഗത്തിന്റെ ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
ചവറയിൽ യു ഡി എഫ് സ്ഥാനാർഥിയായി ഷിബു ബേബി ജോണിനെ പാർട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇന്നലെ ചേർന്ന ആർ എസ് പി കേന്ദ്ര കമ്മിറ്റി യോഗം സ്ഥാനാർഥിത്വം അംഗീകരിച്ചു. ഇത് സംബന്ധിച്ച കത്ത് യു ഡി എഫ് ചെയർമാനും കൺവീനർക്കും നൽകി. ഷിബുവിനായി സാമൂഹിക മാധ്യമങ്ങളിൽ യു ഡി എഫ് പ്രചാരണവും തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി എം പി അരവിന്ദാക്ഷൻ വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച വിജയൻപിള്ളയോടാണ് ഷിബുബേബിജോൺ പരാജയപ്പെട്ടത്. ഈ സീറ്റിൽ പുതുമുഖത്തെ പരീക്ഷിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. അതിനിടെ, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട യു ഡി എഫിലെ തർക്കങ്ങൾ മുതലെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മേൽക്കൈ നേടാനാണ് എൽ ഡി എഫ് ശ്രമം.

ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലേക്കടുപ്പിക്കാൻ സി പി എം കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ജോസ് പക്ഷത്തെ മുന്നണിയിൽ എടുക്കുന്നതിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുകൂലമല്ല. യു ഡി എഫ് വിട്ടുവന്നാൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നാണ് കാനത്തിന്റെ നിലപാട്. മധ്യതിരുവിതാംകൂറിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം വർധിപ്പിക്കാൻ ജോസിന്റെ രംഗ പ്രവേശം സഹായിക്കുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടൽ.

സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് എൻ സി പിയിലും ചർച്ച സജീവമായിട്ടുണ്ട്. കുട്ടനാട്ടിൽ തോമസ് കെ തോമസായിരിക്കും എൻ സി പി സ്ഥാനാർഥിയെന്ന് ഉറപ്പായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് എൻ ഡി എയും സജ്ജമാണെന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രണ്ടിടത്തും പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് നീക്കം.

Latest