യു ഡി എഫില്‍ നില്‍ക്കണോ, എല്‍ ഡി എഫില്‍ പോകണോ; ജോസ് പക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന്

Posted on: September 6, 2020 7:01 am | Last updated: September 6, 2020 at 12:32 pm

കോട്ടയം |  കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് നടക്കും. യു ഡി എഫില്‍ തന്നെ നില്‍ക്കണോ എല്‍ ഡി എഫിലേക്ക് ചേക്കേറണോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായേക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് കോട്ടയത്താണ് യോഗം. ഭാവി നിലപാടുകള്‍ എന്തായിരിക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകളും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നടക്കും. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യമാണെന്നതും യോഗത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

യു ഡി എഫ് വിട്ടാല്‍ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ ആശാവഹമായാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം വിലയിരുത്തുന്നത്. ഔദ്യോഗിക വിഭാഗമായി മാറിയ ജോസ് കെ മാണിയുടെ നിലപാടിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിക്കഴിഞ്ഞു. ജോസ് വിഭാഗത്തെ യു ഡി എഫിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനെ ജോസഫ് വിഭാഗത്തിന് ഒട്ടും താത്പര്യമില്ല. അത് അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ജോസ് പക്ഷം എല്‍ ഡി എഫിനോട് ആഭിമുഖ്യം കാട്ടിയതിനെ തുടര്‍ന്ന് പക്ഷത്തിനെതിരായ നിലപാടുകള്‍ കോണ്‍ഗ്രസ് മയപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അനുകൂലമായതോടെ ശക്തമായ കരുനീക്കങ്ങള്‍ക്ക് ജോസ് വിഭാഗം തയാറാകുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.